ലാഹോര്‍:പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘവും പിടിഐ പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം.ലാഹോറിലെ സമാന്‍ പാര്‍ക്കിലെ വസതിയില്‍ ഇസ്ലാമാബാദ് പൊലീസ് എത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്. വന്‍ പൊലീസ് സന്നാഹമാണ് മുന്‍ പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യാനായി എത്തിയത്.
വസതിയ്ക്ക് മുന്നില്‍ തടിച്ചു കൂടിയ പാകിസ്ഥാന്‍ തെഹ്രിഖ് ഇ ഇന്‍സാഫ് പാര്‍ട്ടിയുടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസിനെ തടയാനായി ആയിരക്കണക്കിന് പിടിഐ പ്രവര്‍ത്തകരാണ് ഇമ്രാന്‍റെ വസതിക്ക് മുന്നില്‍ തടിച്ചുകൂടിയത്.
വിദേശ രാജ്യങ്ങളില്‍ നിന്ന് പാകിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന സമ്മാനങ്ങള്‍ സൂക്ഷിക്കുന്ന തോഷഖാനയില്‍ ഇമ്രാന്‍ ഖാന്‍ സൂക്ഷിച്ചിരുന്ന സമ്മാനങ്ങളുടെ വിവരങ്ങള്‍ ആസ്തി വെളിപ്പെടുത്തലില്‍ മറച്ചുവെന്നാണ് കേസ്. കേസില്‍ ഹാജരാകാനായി ഇസ്ലാമാബാദ് കോടതി മൂന്നുതവണ ഇമ്രാന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍, ഹാജരാകാത്തതിനെ തുടര്‍ന്ന് അദ്ദേഹത്തെ അറസ്റ്റ് തചെയ്യാനായി കോടതി ഉത്തരവിടുകയായിരുന്നു. തുടര്‍ന്നാണ് പഞ്ചാബ് പ്രവിശ്യ പൊലീസിന്‍റെ സഹായത്തോടെ ഇസ്ലാമാബാദ് പൊലീസ് അദ്ദേഹത്തിന്‍റെ വസതിയില്‍ എത്തിയത്. എന്നാല്‍ വസതിക്ക് പുറത്ത് തടിച്ചുകൂടിയ പിടിഐ പ്രവര്‍ത്തകര്‍ പൊലീസിനെ തടയുകയായിരുന്നു.