ഇമ്രാന്‍റെ അറസ്റ്റ് നിയമവിരുദ്ധമെന്ന് പാക് സുപ്രീം കോടതി

Top News

ഇസ്ളാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടി അദ്ധ്യക്ഷനുമായ ഇമ്രാന്‍ ഖാന്‍റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പാകിസ്ഥാന്‍ സുപ്രീം കോടതി.ഇമ്രാനെ എത്രയും വേഗം മോചിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. കോടതിയില്‍ നിന്നും ആരെയും അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞ സുപ്രീം കോടതി നാഷണല്‍ അക്കൗണ്ടബിളിറ്റി ബ്യൂറോ ഇത്തരത്തില്‍ ഇമ്രാനെ അറസ്റ്റ് ചെയ്തതിലൂടെ കോടതിയുടെ നേരെ അനാദരവ് കാട്ടിയതായും ഇമ്രാന്‍റെ അറസ്റ്റ് അസാധുവാകുന്നതായും ഉത്തരവില്‍ ചൂണ്ടിക്കാട്ടി.അല്‍ ക്വാദിര്‍ ട്രസ്റ്റ് ഭൂവില്‍പന കേസിലും തോഷാഖാനാ കേസിലുമാണ് ഇസ്ളാമാബാദ് ഹൈക്കോടതിയില്‍ വച്ച് ഇമ്രാന്‍ ഖാനെ എന്‍.എ.ബി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇമ്രാനെ എട്ട് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യാന്‍ ഇസ്ലാമാബാദ് പൊലീസ് ആസ്ഥാനത്ത് സജ്ജീകരിച്ച പ്രത്യേക കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. മേയ് 17 വരെയായിരുന്നു ഇമ്രാന്‍ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ (എന്‍.എ.ബി) കസ്റ്റഡിയില്‍ തുടരേണ്ടിയിരുന്നത്.അതേ സമയം, ഇമ്രാന്‍റെ അറസ്റ്റിന് പിന്നാലെ തിരികൊളുത്തിയ കലാപം രാജ്യവ്യാപകമായി ആളിക്കത്തുകയാണ്.പി.ടി.ഐ വൈസ് ചെയര്‍മാന്‍ ഷാ മെഹ്മൂദ് ഖുറേഷി, സെക്രട്ടറി ജനറല്‍ അസാദ് ഉമര്‍ അടക്കം ഇതുവരെ 1,200ലേറെപേര്‍ അറസ്റ്റിലായി. ആറ്പേര്‍ കൊല്ലപ്പെട്ടു. 200ഓളം പൊലീസുകാര്‍ക്ക് പരിക്കേറ്റു. 25ലേറെ വാഹനങ്ങള്‍ കത്തിച്ചു. സര്‍ക്കാര്‍ കെട്ടിടങ്ങളെ ആക്രമിച്ച് കൊള്ളയടിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
ഖൈബര്‍ പഖ്തുന്‍ഖ്വ, പഞ്ചാബ്, ബലൂചിസ്ഥാന്‍, ഇസ്ലാമാബാദ് എന്നിവിടങ്ങളില്‍ ക്രമസമാധാന പാലനത്തിന് സൈന്യത്തെ വിന്യസിക്കാന്‍ തീരുമാനിച്ചു. സിന്ധില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ഇമ്രാന് വിലക്കേര്‍പ്പെടുത്താനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പി.ടി.ഐ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *