ഇസ്ലാമാബാദ് : തോഷഖാന അഴിമതി കേസില്‍ അറസ്റ്റിലായ പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ കാണുന്നതില്‍നിന്ന് അഭിഭാഷകരെ വിലക്കി ജയില്‍ അധികൃതര്‍. അറസ്റ്റിലായ തൊട്ടടുത്ത ദിവസം ഇമ്രാനെ കാണാനെത്തിയ അഭിഭാഷകരെ ജയില്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു.
അറ്റോക്ക് ജയില്‍ സന്ദര്‍ശക നിരോധിത മേഖലയാണെന്നു പറഞ്ഞാണ് തടഞ്ഞത്. ഇമ്രാന് ഭക്ഷണം നല്‍കാനോ, കേസ് നടത്തുന്നതിന് ആവശ്യമായ രേഖകളില്‍ ഒപ്പ് വാങ്ങാനോ കഴിഞ്ഞില്ല ഇമ്രാന്‍റെ നിയമവിദഗ്ധര്‍ കുറ്റപ്പെടുത്തി. അതിനിടെ ഇമ്രാന്‍റെ അറസ്റ്റിലും വിവാദം ഉയര്‍ന്നു. ഇസ്ലാമാബാദ് പോലീസ് അറസ്റ്റ് ചെയ്യാനാണ് കോടതി ഉത്തരവില്‍ വ്യക്തമാക്കിയത്. എന്നാല്‍ പഞ്ചാബ് പൊലീസാണ് ഇമ്രാന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
റാവല്‍പിണ്ടിയിലെ ജയിലില്‍ അടയ്ക്കാനാണ് കോടതി നിര്‍ദേശിച്ചത്. എന്നാല്‍ അറ്റോക്ക് ജയിലിലാണ് ഇമ്രാനെ തടവിലാക്കിയത്. കോടതി ഉത്തരവ് പാലിക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് ഒരുവിഭാഗം ആരോപിക്കുന്നു. ഇമ്രാന്‍റെ അറസ്റ്റില്‍ അപ്പീല്‍ നല്‍കുമെന്ന് വ്യക്തമാക്കി പിടിഐ പാര്‍ട്ടി രംഗത്തെത്തി. തോഷഖാന അഴിമതി കേസില്‍ മൂന്നു വര്‍ഷം തടവുശിക്ഷയും ഒരുലക്ഷം രൂപ പിഴയും 5 വര്‍ഷം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയാണ് ഇമ്രാന് എതിരെയുള്ള ശിക്ഷ. പ്രധാനമന്ത്രി പദം ദുരുപയോഗം ചെയ്തു എന്നതാണ് കുറ്റം. 2018 മുതല്‍ 2022 വരെയുള്ള കാലയളവില്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ച അതിഥികളില്‍നിന്നും പ്രധാനമന്ത്രി എന്ന നിലയിലുള്ള ഔദ്യോഗിക വിദേശ സന്ദര്‍ശനങ്ങളില്‍ ആതിഥേയരില്‍ നിന്നുമായി 6,35,000 ഡോളര്‍ വിലമതിക്കുന്ന പാരിതോഷികങ്ങള്‍ വാങ്ങുകയും മറിച്ചു വില്‍ക്കുകയും ചെയ്തുവെന്നാണ് ഇമ്രാനെതിരെയുള്ള കുറ്റം.
