ന്യൂയോര്‍ക്ക്: നാസയുടെ ചൊവ്വാ ദൗത്യത്തിന്റെ ഭാഗമായ ഇന്‍ജെന്യുറ്റി ഹെലിക്കോപ്റ്റര്‍ ഇന്നു പരീക്ഷണപ്പറക്കല്‍ നടത്തും. ചൊവ്വയില്‍നിന്നുള്ള സന്ദേശം മണിക്കൂറുകള്‍ വൈകി ലഭിക്കുന്നതിനാല്‍ പറക്കലിന്റെ സംപ്രേഷണം അമേരിക്കന്‍ സമയം പുലര്‍ച്ചെ 6.15 ന് ആരംഭിക്കുമെന്നും നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി അറിയിച്ചിട്ടുണ്ട്. പെര്‍സീവിയറന്‍സ് റോവറില്നിന്നു ചൊവ്വായുടെ പ്രതലത്തില്‍ ഇറങ്ങിയ ഇന്ജെന്യുറ്റിയുടെ പരീക്ഷണപ്പറക്കല്‍ ഏപ്രില്‍ 11ന് നടത്താനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. റോട്ടറില്‍ തകരാറുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പറക്കല്‍ മറ്റിവച്ചു. 30 സെക്കന്‍ഡ് മുകളിലോട്ട് പറന്ന് പെര്‍സീവിയറന്‍സ് റോവറിന്റെ ചിത്രമെടുക്കുകയാണ് ലക്ഷ്യം. ഫെബ്രുവരി 18നാണ് ചൊവ്വായില്‍ പെര്‍സീവിയറന്‍സ് റോവര്‍ ഇറങ്ങിയത്. പറക്കല്‍ വിജയിച്ചാല്‍ മറ്റൊരു ഗ്രഹത്തില്‍ ഹെലികോപ്റ്റര്‍ പറത്തുന്ന ദൗത്യത്തില്‍ നാസ വിജയിക്കും.