നാഷ് വില്ലെ: ലീഗ്സ് കപ്പ് സ്വന്തമാക്കി ഇന്‍റര്‍ മയാമി. രണ്ടാം സെമിയില്‍ മോണ്‍ടെറി ഫുട്ബോള്‍ ക്ലബിനെ പരാജയപ്പെടുത്തി ഫൈനലിലെത്തിയ നാഷ് വില്ലെയെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇന്‍റര്‍ മയാമി പരാജയപ്പെടുത്തിയത് (10-9).
നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയിരുന്നു. ലീഗ്സ് കപ്പില്‍ ഇതോടെ ഒന്‍പത് മത്സരങ്ങളിലാണ് നാഷ് വില്ലെയും ഇന്‍റര്‍ മയാമിയും മത്സരിച്ചത്. മുന്‍പ് നടന്ന എട്ട് മത്സരങ്ങളില്‍ നാലെണ്ണത്തിലും നാഷ് വില്ലെ ജയിച്ചിരുന്നു.ലീഗ്സ് കപ്പ് സ്വന്തമാക്കിയതോടെ ലോകത്ത് ഏറ്റവുമധികം കിരീടം നേടിയ താരമായി അര്‍ജന്‍റീനയുടെ ഇതിഹാസ താരം ലയണല്‍ മെസി മാറി. മെസി നേടുന്ന 44ാം കിരീടമാണിത്. ഇതിന് മുന്‍പ് സഹതാരമായിരുന്ന ഡാനി ആല്‍വസിനൊപ്പം 43 ട്രോഫികള്‍ എന്ന നേട്ടത്തില്‍ തുടരുകയായിരുന്ന മെസി ഇപ്പോള്‍ പുതുചരിത്രം രചിച്ചു. ഇന്‍റര്‍ മയാമി ക്ലബിന്‍റെ ചരിത്രത്തിലെ ആദ്യ കിരീടമാണിത്. ബാഴ്സിലോണയില്‍ 35 കിരീടങ്ങളാണ് മെസി നേടിയത്. ഇതില്‍ പത്ത് ലാലിഗ കിരീടങ്ങളും നാലു ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും ഉള്‍പ്പെടുന്നു. അര്‍ജന്‍റീനയ്ക്കായി ലോകകപ്പും കോപ്പ അമേരിക്ക കപ്പും മെസി നേടിയിട്ടുണ്ട്
