കോഴിക്കോട് : ഈ വര്‍ഷം ഇന്ത്യയില്‍ നിന്നും ദൃശ്യമാകുന്ന ആദ്യത്തെയും അവസാനത്തെയും സൂര്യഗ്രഹണമാണ് 2022 ഒക്ടോബര്‍ 25 ചൊവ്വാഴ്ച വൈകിട്ട് സംഭവിക്കാന്‍ പോകുന്നത്. ഇന്ത്യക്കു പുറത്ത് റഷ്യയിലും, കസാഖിസ്ഥാനിലും യൂറോപ്പിന്‍റെ ചില ഭാഗങ്ങളിലും കൂടിയ തോതില്‍ സംഭവിക്കുന്നതാണ് ഈ ഭാഗിക സൂര്യഗ്രഹണം (സൂര്യന്‍റെ 80 ശതമാനത്തിലേറെ വരെ മറയ്ക്കപ്പെടുന്നു.)ഇന്ത്യയില്‍ നിന്ന് നിരീക്ഷിക്കുന്നവരെ സംബന്ധിച്ചിടത്തോളം ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഡല്‍ഹി, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ക്കായിരിക്കും കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ഈ ഗ്രഹണം കാണാന്‍ കഴിയുക. ഇന്ത്യയില്‍ ഏറ്റവും നന്നായി കാണാന്‍ കഴിയുന്ന ഇടങ്ങളിലൊന്നായ ജമ്മു കശ്മീരിലെ ലേയില്‍ നിന്നും ശ്രീനഗറില്‍ നിന്നും നിരീക്ഷിക്കുന്നവര്‍ക്ക് സൂര്യന് 55 ശതമാനം ഗ്രഹണം സംഭവിക്കുന്നതായി കാണാന്‍ കഴിയും. അവിടെ നിന്ന് തെക്കോട്ടോ കിഴക്കോട്ടോ നീങ്ങുന്നതനുസരിച്ച് ഗ്രഹണതോത് കുറഞ്ഞുവരും.കേരളത്തില്‍ ഗ്രഹണം വളരെ നേരിയ തോതിലെ ദൃശ്യമാവുകയുള്ളൂ.