ഇന്നസെന്‍റ് അന്തരിച്ചു

Kerala

കൊച്ചി: മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു നടന്‍ ഇന്നസെന്‍റ്(75) അന്തരിച്ചു. കൊച്ചിയിലെ വി പി എസ് ലേക് ഷോര്‍ ഹോസ്പിറ്റലിലായിരുന്നു അന്ത്യം.
നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് അദ്ദേഹം കയ്യടി നേടി. മികച്ച സഹനടനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും ഫിലിം ക്രിട്ടിക്സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
ക്യാന്‍സറിനോട് പോരാടി ജീവിതത്തിലേക്ക് ശക്തമായ തിരിച്ചുവരവും അദ്ദേഹം നടത്തിയിരുന്നു. ഇന്നലെ രാത്രി 10.30ഓടെയായിരുന്നു അന്ത്യം. അദ്ദേഹത്തിന്‍റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഡോക്ടര്‍മാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ഇന്ന് രാവിലെ 8 മുതല്‍ 11 മണി വരെ കലൂര്‍ കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനമുണ്ടാകും. പിന്നീട് ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലും പൊതുദര്‍ശനമുണ്ടാകും. മൂന്ന് മണിക്ക് ശേഷം വീട്ടിലേക്ക് കൊണ്ടുപോകാനാണ് ആലോചിക്കുന്നതെന്നും മന്ത്രി പി.രാജീവ് അറിയിച്ചു. അര്‍ബുദത്തെത്തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകള്‍ മൂലം ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുന്‍പാണ് ഇന്നസെന്‍റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും നില വീണ്ടും ഗുരുതരമാകുകയായിരുന്നു. ഭാര്യ: ആലിസ്, മകന്‍: സോണറ്റ്. മലയാളത്തിന്‍റെ ഹാസ്യ, സ്വഭാവ നടന്മാരില്‍ ഒഴിച്ചുകൂടാനാകാത്ത വ്യക്തിത്വമാണ് ഇന്നസെന്‍റ്. മലയാളത്തിന് പുറമെ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, കന്നഡ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഹാസ്യ വേഷങ്ങളെ തന്മയത്വത്തോടെയും വഴക്കത്തോടെയും കൈകാര്യം ചെയ്ത നടനാണ് അദ്ദേഹം. 750-ലധികം സിനിമകളില്‍ അഭിനയിച്ചു. 1972 ല്‍ നൃത്തശാല സിനിമയിലൂടെ ആരംഭിച്ച താരം ഹാസ്യ വേഷങ്ങളിലും പിന്നീട് ക്യാരക്ടര്‍വേഷങ്ങളിലും ശ്രദ്ധേയനായി.കാബൂളിവാല,ദേവാസുരം,കിലുക്കം,ഡോക്ടര്‍ പശുപതി,വിയറ്റ്നാം കോളനി,റാംജിറാവു സ്പീക്കിംഗ്,മനസ്സിനക്കരെ,കല്യാണരാമന്‍,മഴവില്‍ക്കാവടി,പൊന്‍മുട്ടയിടുന്ന താറാവ് തുടങ്ങി വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു.
മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ഇന്നസെന്‍റിനെ തേടിയെത്തി. അഭിനയത്തിനോടൊപ്പം രാഷ്ട്രീയത്തിലും ഇന്നസെന്‍റ് സജീവ സാന്നിധ്യമായിരുന്നു. ചാലക്കുടി മണ്ഡലത്തെ പ്രതിനിധീകരിച്ച് ഇന്ത്യയുടെ പതിനാറാം ലോകസഭയില്‍ പാര്‍ലമെന്‍റ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1979ല്‍ ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ നിന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി പിന്തുണച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഇന്നസെന്‍റ് വിജയിച്ചു. 2003 മുതല്‍ 2018 വരെ മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’ യുടെ പ്രസിഡന്‍റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്‍റെ ഓര്‍മ്മകളെ ആസ്പദമാക്കി പുസ്തകങ്ങളും മാസികകളും ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്‍റെ മകന്‍ അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമയിലാണ് ഇന്നസെന്‍റ് അവസാനമായി വേഷമിട്ടത്. ചിത്രം റിലീസിന് തയാറെടുക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *