ന്യൂഡല്‍ഹി : വര്‍ധിച്ച് വരുന്ന ഇന്ധന വിലയയ്ക്കെതിരെ പാര്‍ലമെന്‍റില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയില്‍ കെ മുരളീധരന്‍ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.രാജ്യസഭയിലും കോണ്‍ഗ്രസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.എംപി ശക്തി സിങ് ഗോഹിലാണ് നോട്ടീസ് നല്‍കിയത്.വില വര്‍ധനവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ ഇന്നലെ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് രാജ്യസഭ രണ്ട് തവണ നിര്‍ത്തിവെച്ചിരുന്നു.പ്രതിപക്ഷ നേതാക്കള്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട രാജ്യസഭയിലും ലോക്സഭയിലും ഇന്നലെ നോട്ടീസ് നല്‍കിയിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ ശക്തിസിംഗ് കോഹില്‍, തൃണമൂല്‍ നേതാവ് ഡോലോ സെന്‍, സി പി എം നേതാക്കളായ ജോണ്‍ ബ്രിട്ടാസ്, എളമരം കരീം എന്നിവരാണ് രാജ്യസഭയില്‍ നോട്ടീസ് നല്‍കിയത്.
ലോക്സഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളായ മനീഷ് തിവാരി, മാണിക്കം ടഗോറും നോട്ടീസ് നല്‍കി. നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് പിന്നാലെ തന്നെ ഇന്ധന വില വര്‍ധിക്കുമെന്ന പ്രതിപക്ഷത്തിന്‍റെ മുന്നറിയിപ്പ് അക്ഷരം പ്രതി ശരിയായിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ആധിര്‍ രഞ്ജന്‍ ചൗധരിയും ചൂണ്ടിക്കാട്ടി. ഇതോടെ ഭരണകക്ഷി നേതാക്കള്‍ പ്രതിപക്ഷത്തിനെതിരെ ബഹളം ഉയര്‍ത്തി. എന്നാല്‍ പ്രതിപക്ഷാംഗങ്ങള്‍ വില വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സഭയില്‍ നിന്നും ഇറങ്ങി പോകുകയായിരുന്നു. രാജ്യസഭയിലും പ്രതിപക്ഷം പ്ലക്ക് കാര്‍ഡുകള്‍ ഉയര്‍ത്തി നടത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു.