കൊച്ചി; ഇന്ധന വിലയില്‍ ഇന്നും വര്‍ധന. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയും കൂടി. കൊച്ചിയില്‍ ഡീസല്‍ ലിറ്ററിന് 99 .11 രൂപയും പെട്രോള്‍ ലീറ്ററിന് 105.45 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് ഡീസലിന് 100.94 രൂപയും പെട്രോളിന് 107 .08 രൂപയുമായി. കോഴിക്കോട് ഡീസലിന് 99.27 രൂപയും പെട്രോളിന് 105.62 രൂപയുമാണ് ഇന്നത്തെ വില. കോവിഡ് പ്രതിസന്ധിയില്‍ ജനം നട്ടംതിരിയുന്നതിനിടയിലാണ് യാതൊരു നിയന്ത്രണവുമില്ലാതെ ഇന്ധന വില മുകളിലേക്കു കുതിച്ചുകൊണ്ടിരിക്കുന്നത്. ഇന്ധന വില കുറഞ്ഞുനിന്നപ്പോള്‍ നികുതി കുത്തനെ കൂട്ടി ആ വിലക്കുറവിന്‍റെ ആനുകൂല്യം ജനങ്ങള്‍ക്കു നല്‍കാതിരുന്ന കേന്ദ്രസര്‍ക്കാര്‍ എന്നാല്‍ വില കുത്തനെ കൂടുമ്പോഴും നികുതിയില്‍ യാതൊരു ഇളവും വരുത്താന്‍ തയാറായിട്ടില്ല.
ജനങ്ങളെ കൊള്ളയടിക്കുന്നതിനു തുല്യമായ ഭീമമായ നികുതി കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കണമെന്ന മുറവിളി രാജ്യത്തിന്‍റെ പല ഭാഗത്തുനിന്നും ഉയരുന്നുണ്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ചെവികൊടുത്തിട്ടില്ല. ഇന്ധനവില വര്‍ധനയുടെ പേരു പറഞ്ഞ് മറ്റ് എല്ലാ ഉത്പന്നങ്ങള്‍ക്കും വില കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണെന്നതാണ് മറ്റൊരു ദുരന്തം.
വാഹനക്കൂലി, പച്ചക്കറിവില, ചിക്കന്‍ വില, സിമന്‍റ്, കമ്പി തുടങ്ങി സര്‍വ സാധനങ്ങള്‍ക്കും തീപിടിച്ച വിലയാണ്. ഇതു ദിനം പ്രതി കൂടുകയും ചെയ്യുന്നു.
