ഇന്ധന നികുതി കുറച്ചതുകൊണ്ട് വരുമാനനഷ്ടം കേന്ദ്രത്തിന് മാത്രം : ധനമന്ത്രി

Kerala
സംസ്ഥാനങ്ങള്‍ക്ക് കിട്ടുന്ന നികുതി വരുമാനത്തില്‍ മാറ്റം വരില്ല

ന്യൂഡല്‍ഹി :ഇന്ധന നികുതി കുറച്ചതുമൂലം നഷ്ടം കേന്ദ്രത്തിനു മാത്രമാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. സംസ്ഥാനങ്ങളുമായി പങ്കിടുന്ന അടിസ്ഥാന എക്സൈസ് നികുതിയില്‍ മാറ്റം വരുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ നികുതി ഇളവിന്‍റെ ബാധ്യത കേന്ദ്രസര്‍ക്കാരിനാണ്.റോഡ് സെസായി പിരിക്കുന്ന തുകയിലാണ് കുറവ് വരുത്തിയത്. സംസ്ഥാനങ്ങള്‍ക്ക് പങ്ക് ലഭിക്കുന്നത് അടിസ്ഥാന എക്സൈസ് നികുതിയില്‍നിന്നാണ്. അതില്‍ മാറ്റം വരുത്തിയിട്ടില്ല.
സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന നികുതി വരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്നും ധനമന്ത്രി പറഞ്ഞു. രണ്ട് തവണയും തീരുവ കുറച്ചതിന്‍റെ ബാധ്യത കേന്ദ്രത്തിനു മാത്രമാണ്. നികുതി കുറച്ചതിലൂടെ കേന്ദ്രത്തിന് പ്രതിവര്‍ഷം ഒരുലക്ഷം കോടി രൂപയുടെ നഷ്ടമാണുള്ളതെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര നികുതിയില്‍ സംസ്ഥാനങ്ങളുടെ വിഹിതത്തെ ബാധിക്കുന്ന എക്സൈസ് തീരുവ വെട്ടിക്കുറച്ചെന്ന പ്രതിപക്ഷത്തിന്‍റെ വിമര്‍ശനത്തിന് മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അടിസ്ഥാന എക്സൈസ് തീരുവ, പ്രത്യേക അഡിഷണ്‍ എക്സൈസ് തീരുവ,റോഡ് ആന്‍ഡ് ഇന്‍ഫ്രാ സ്ട്രക്ചര്‍ സെസ്, അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്‍റ് സെസ് എന്നിവ ചേരുന്നതാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവയെന്ന് ധന മന്ത്രി വിശദീകരിച്ചു.പെട്രോളിന് ലിറ്ററിന് കുറച്ച എട്ടു രൂപയും ഡീസലിന് കുറച്ച ആറു രൂപയും പൂര്‍ണമായും റോഡ് ആന്‍ഡ് ഇന്‍ഫ്രാ സ്ട്രക്ചര്‍ സെസിലാണ് കുറവ് വരുത്തിയത്. അതുകൊണ്ടുതന്നെ സംസ്ഥാനങ്ങള്‍ക്ക് വരുമാനനഷ്ടം ഉണ്ടാകില്ലെന്നും, സാമ്പത്തികബാധ്യത കേന്ദ്രത്തിന് ആണെന്നും ധനമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *