ഇന്ധനവില വര്‍ധനക്കെതിരെ രാജ്യസഭയില്‍
പ്രതിപക്ഷ ബഹളം; സഭ നിര്‍ത്തിവെച്ചു

Kerala

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ ഡീസല്‍, പാചകവാതക വില കുതിച്ചുയരുന്നതില്‍ പ്രതിഷേധിച്ച് രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലയിറങ്ങിയതോടെ സഭ ഒരു മണിവരെ നിര്‍ത്തിക്കുവെക്കുകയായിരുന്നു.കോണ്‍ഗ്രസ് എം.പിമാര്‍ മുദ്രവാക്യം വിളിക്കുകയും ഇന്ധനവില വര്‍ധനയില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെടുകയുംചെയ്തു. അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുമ്പോഴാണ് ഇരു സഭകളിലും ജനദ്രോഹ വിഷയം ഉയര്‍ത്തികൊണ്ടുവരാനുള്ള പ്രതിപക്ഷ നീക്കം. ഇന്ധനവില വര്‍ധനക്ക് പുറമെ മാസങ്ങളായി തുടരുന്ന കര്‍ഷക പ്രക്ഷോഭവും ചര്‍ച്ചചെയ്യണമെന്നാണ് ആവശ്യം.
ബംഗാളില്‍ തെരഞ്ഞെടുപ്പ് ചൂട് പിടിച്ചതോടെ എം.പിമാര്‍ക്ക് പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ സഭ മാറ്റി വെക്കണമെന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാരുടെ ആവശ്യം.
ഇന്ധന വിലക്കയറ്റം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുര്‍ ഖാര്‍ഗെ നല്‍കിയ നോട്ടീസ് അധ്യക്ഷന്‍ അനുവദിച്ചില്ല. ധനാഭ്യര്‍ഥന ചര്‍ച്ചക്കൊപ്പം ഈ വിഷയം ചര്‍ച്ചചെയ്യാമെന്ന് അധ്യക്ഷന്‍ എം. വെങ്കയ്യനായിഡു അറിയിക്കുകയായിരുന്നു. ഇതോടെയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയത്.പെട്രോള്‍ ലിറ്ററിന് 100 രൂപ കടന്നു. ഡീസലിന്‍റെ വിലയും ഉയര്‍ന്ന് 80നോട് അടുത്തെത്തി. 2014 മുതല്‍ എക്സൈസ് തീരുവയായി 21 ലക്ഷം കോടി രൂപയാണ് സര്‍ക്കാറിന് ലഭിച്ചത്. അതുകൊണ്ടുതന്നെ രാജ്യം ദുരിതമനുഭവിക്കുകയും വില കുതിക്കുകയും ചെയ്യുന്നു’ ഖാര്‍ഗെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *