ന്യൂഡല്‍ഹി:പെഗസസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്ന പ്രതിപക്ഷ നേതാക്കള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിക്കാന്‍ പാര്‍ലമെന്‍റിലേക്ക് സൈക്കിള്‍ ചവിട്ടിയെത്തി. രാഹുല്‍ ആതിഥേയനായ പ്രാതല്‍ യോഗത്തിനു ശേഷമായിരുന്നു സൈക്കിള്‍ പ്രതിഷേധം. 15 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്തു. ബി.എസ്.പി, ആംആദ്മി പാര്‍ട്ടി തുടങ്ങിയവ വിട്ടുനിന്നു.
പെഗസസ്, കര്‍ഷക സമരം, ഇന്ധനവില വര്‍ദ്ധന തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്ത കേന്ദ്രത്തിനെതിരെ ഒന്നിച്ചുനില്‍ക്കാന്‍ യോഗത്തില്‍ ധാരണയായി. ഒന്നിച്ചു നിന്ന് ജനങ്ങള്‍ക്കായി ശബ്ദമുയര്‍ത്തിയാല്‍ ബി.ജെ.പിക്ക് അടിച്ചമര്‍ത്താന്‍ ബുദ്ധിമുട്ടാകുമെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
ഇന്ധന, എല്‍.പി.ജി വിലവര്‍ദ്ധനയില്‍ പ്രതിഷേധിക്കാന്‍ പാര്‍ലമെന്‍റിലേക്ക് സൈക്കിളില്‍ പോകാനുള്ള രാഹുലിന്‍റെ നിര്‍ദ്ദേശം നേതാക്കള്‍ അംഗീകരിച്ചു. പാര്‍ലമെന്‍റിന് വെളിയില്‍ ബദല്‍ സമ്മേളനം വിളിക്കാനുള്ള നിര്‍ദ്ദേശവും ചര്‍ച്ചയായി. കേന്ദ്രസര്‍ക്കാരിന്‍റെ ജനാധിപത്യ, ജനവിരുദ്ധ നയങ്ങള്‍ തുറന്നുകാട്ടണമെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.യോഗത്തിന് ശേഷം കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ളബിന് മുന്നില്‍ നിന്ന് പാര്‍ലമെന്‍റിലേക്ക് തിരക്കേറിയ റോഡിലൂടെ രാഹുലും നേതാക്കളും സൈക്കിള്‍ ചവിട്ടി. സി.ആര്‍.പി.എഫ് രാഹുലിന് ചുറ്റും വലയം തീര്‍ത്തു. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ നേരത്തേ പാര്‍ലമെന്‍റിലേക്ക് ട്രാക്ടര്‍ ഓടിച്ചിരുന്നു.