ന്യൂഡല്‍ഹി:ഇന്ത്യ മുന്നണിയുടെ ബുധനാഴ്ച നിശ്ചയിച്ചിരുന്ന സഖ്യയോഗം മാറ്റിവെച്ചു. ഡല്‍ഹിയില്‍ ചേരാനിരുന്ന യോഗമാണ് മാറ്റിയത്. യോഗം 17നു ചേരുമെന്ന് ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് അറിയിച്ചു. ഘടകകക്ഷി നേതാക്കളുടെ അസൗകര്യം പരിഗണിച്ചാണു മാറ്റിയതെന്ന് ലാലു പറഞ്ഞു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രോഗബാധിതനായതിനാല്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് അറിയിച്ചിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവരും അസൗകര്യം അറിയിച്ചു.