ഇംഫാല്‍: മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ അവസ്ഥ ദയനീയമാണെന്ന് ഗവര്‍ണര്‍ അനുസുയ യുക്കിയെ അറിയിച്ച് ‘ഇന്ത്യ’ എംപിമാരുടെ സംഘം. കലാപത്തില്‍ എല്ലാം നഷ്ടപ്പെട്ട ജനങ്ങള്‍ക്ക് സൗകര്യങ്ങളുള്ള ദുരിതാശ്വാസക്യാമ്പ് ഒരുക്കാന്‍ പോലും സര്‍ക്കാരിനായിട്ടില്ലെന്ന് സംഘം കുറ്റപ്പെടുത്തി. ക്യാമ്പുകളിലെ കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണമെന്നും സംഘം അനുസുയ യുക്കിയോട് ആവശ്യപ്പെട്ടു. വംശീയ കലാപം രൂക്ഷമായ സംസ്ഥാനം സന്ദര്‍ശിച്ച ശേഷമാണ് ഗവര്‍ണര്‍ക്ക് നിവേദനം സമര്‍പ്പിച്ചത്.
മണിപ്പൂരില്‍ 140-ലധികം മരണങ്ങള്‍ സംഭവിച്ചു, 500-ലധികം പേര്‍ക്ക് പരിക്കേറ്റു, 5000-ലധികം വീടുകള്‍ കത്തിനശിച്ചു. 60,000-ത്തിലധികം ആളുകള്‍ ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടു. രണ്ട് സമുദായങ്ങളിലെയും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പരാജയം ഇതില്‍ നിന്നും വ്യക്തമാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായുള്ള തുടര്‍ച്ചയായ വെടിവയ്പ്പുകളുടെയും വീടുകള്‍ക്ക് തീയിടുന്നതിന്‍റെയും റിപ്പോര്‍ട്ടുകളില്‍ നിന്ന്, കഴിഞ്ഞ മൂന്ന് മാസമായി സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനം പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്ന് സംശയാതീതമായി പറയാന്‍ കഴിയുമെന്ന് നിവേദനത്തില്‍ പറയുന്നു.
മണിപ്പൂരില്‍ മൂന്ന് മാസമായി തുടരുന്ന വംശീയ കലാപത്തിന്‍റെ ഇരകളെ കാണാനും സ്ഥിതിഗതികള്‍ വിലയിരുത്താനും 21 എംപിമാരുടെ പ്രതിപക്ഷ പ്രതിനിധി സംഘം ശനിയാഴ്ച മണിപ്പൂരിലെത്തി. ആദ്യ ദിവസം ഇംഫാലിലെയും ബിഷ്ണുപൂര്‍ ജില്ലയിലെ മൊയ്റാങ്ങിലെയും ചുരാചന്ദ്പൂരിലെയും നിരവധി ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും വംശീയ സംഘര്‍ഷങ്ങള്‍ക്കിരയായവരെ കാണുകയും ചെയ്തു. പ്രധാനമന്ത്രിയുടെ മൗനം മണിപ്പൂരിലെ അക്രമങ്ങളോടുള്ള അദ്ദേഹത്തിന്‍റെ ധിക്കാരപരമായ നിസ്സംഗതയാണ് കാണിക്കുന്നത് എന്നും സംഘം വിമര്‍ശിച്ചു.
ഇന്നലെ രാവിലെ പത്ത് മണിക്ക് 21 അംഗ എംപിമാരുടെ സംഘം രാജ്ഭവനില്‍ എത്തിയാണ് ?ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്. പരമാവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ ശ്രമിക്കുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി പ്രതിപക്ഷ എംപിമാര്‍ അറിയിച്ചു.