അഹ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യയുടെ നില പരുങ്ങലില്‍. രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സാണ് സമ്പാദ്യം. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 205 മറികടക്കാന്‍ ഇനിയും 125 റണ്‍സ് കൂടി വേണം.
32 റണ്‍സുമായി രോഹിത് ശര്‍മയാണ് ക്രീസില്‍. ഒരു വിക്കറ്റിന് 25 റണ്‍സെന്ന നിലയില്‍ തുടങ്ങിയ ഇന്ത്യക്ക് 15 റണ്‍സ് ചേര്‍ക്കുമ്പോഴേക്കും പുജാരയെ (17) നഷ്ടമായി. തുടര്‍ന്ന് വന്ന ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും റണ്ണെന്നും എടുക്കാതെ മടങ്ങി. സ്റ്റോക്സിനായിരുന്നു വിക്കറ്റ്. പിന്നീട് രഹാനയെ കൂട്ടുപിടിച്ച് രോഹിത് സ്കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും വലിയ ആയുസ്സുണ്ടായില്ല. 27 റണ്‍സെടുത്ത രഹാനയെ ആന്‍ഡേഴ്സണാണ് വീഴ്ത്തിയത്.
കുത്തിത്തിരിയുന്ന പിച്ചെന്ന് പഴിയേറെ കേട്ട അഹ്മദാബാദ് സ്റ്റേഡിയത്തില്‍ ആദ്യം ദിനം ഇന്ത്യന്‍ സ്പിന്നര്‍മാരായിരുന്നു കരുത്തുതെളിയിച്ചത്. നാലാം ടെസ്റ്റിന്റെ ഒന്നാം ദിവസം ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 205 റണ്‍സ് എടുക്കുമ്പോഴേക്ക് എല്ലാവരും പുറത്തായി. ഓപണിങ് ജോഡിയെ പിഴുത് അക്സര്‍ പട്ടേല്‍ തുടങ്ങിയ വിക്കറ്റ് വേട്ട അശ്വിനും മുഹമ്മദ് സിറാജും വാഷിങ്ടണ്‍ സുന്ദറും ചേര്‍ന്ന് പൂര്‍ത്തിയാക്കിയപ്പോള്‍ ബെന്‍ സ്റ്റോക്സ്, ഡാന്‍ ലോറന്‍സ് എന്നിവര്‍ ഒഴികെ എല്ലാവരും കാര്യമായ സമ്പാദ്യമില്ലാതെ പുറത്തായി.
ഓപണര്‍മാരായ സാക് ക്രോളി ഒമ്പതു റണ്‍സിലും ഡോം സിബ്ലി രണ്ടു റണ്‍സിലും നില്‍ക്കെ പട്ടേലിന് വിക്കറ്റ് നല്കി മടങ്ങിയതോടെ ഇംഗ്ലീഷ് ബാറ്റിങ്ങിന്റെ തകര്‍ച്ച വ്യക്തമായിരുന്നു. ജോണി ബെയര്‍സ്റ്റോ (28) പിടിച്ചുനില്ക്കാന് ശ്രമിച്ചെങ്കിലും മുഹമ്മദ് സിറാജ് എല്‍.ബി.ഡബ്ല്യുവില്‍ കുരുക്കി. വൈകാതെ ജോ റൂട്ടും (05) സിറാജിന് തന്നെ വിക്കറ്റ് നല്കി.
ബെന്‍ സ്റ്റോക്സ് അര്‍ധ സെഞ്ച്വറി തികച്ചെങ്കിലും റണ്‍സ് 55ല്‍ നില്‍ക്കെ മടങ്ങി. വാഷിങ്ടണ്‍ സുന്ദറായിരുന്നു ബൗളര്‍. ഓയിലി പോപ്, ബെന്‍ ഫോക്സ്, ജാക് ലീച്ച് എന്നിവരെ അശ്വിന് മടക്കിയപ്പോള്‍ വാലറ്റത്ത് ഡോം ബെസും ഡാന്‍ ലോറന്‍സും അക്സര്‍ പട്ടേലിനു മുന്നില്‍ കീഴടങ്ങി.