ബെംഗളൂരു: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ശക്തമായ പ്രതിരോധ സേനയെയാണ് വിന്യസിച്ചിരിക്കുന്നത്. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമെന്ന് ഇന്ത്യന്‍ കരസേന മേധാവി മനോജ് പാണ്ഡ്യേ പറഞ്ഞു.ദേശീയ കരസേന ദിനത്തോട് അനുബന്ധിച്ച് ബെംഗളൂരുവില്‍ വെച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷാ സംബന്ധമായി നിരവധി വെല്ലുവിളികള്‍ നേരിട്ട വര്‍ഷമായിരുന്നു കഴിഞ്ഞു പോയത്. സേനയെ ശക്തിപ്പെടുത്തുന്നതിന് അത് സഹായിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
ജമ്മുകശ്മീരിലെ ജനങ്ങളിലും മാറ്റം സംഭവിച്ചിരിക്കുന്നു. അവര്‍ ഇപ്പോള്‍ പ്രക്ഷോപങ്ങളെക്കാള്‍ നല്ല മാറ്റങ്ങളെ ആലോചിച്ചു തുടങ്ങി. ശത്രുക്കള്‍ക്ക് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ സാധിക്കുന്നില്ലെന്നും അത്ര മികച്ച രീതിയിലാണ് സേനയും മറ്റ് സുരക്ഷാ സംവിധാനവും പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കുന്നുണ്ടെങ്കിലും അവരുടെ ഭീകര പ്രവര്‍ത്തനങ്ങള്‍ തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ആദ്യമായാണ് ദേശീയ കരസേന ദിനത്തിന് ഡല്‍ഹിയല്ലാതെ മറ്റൊരിടം വേദിയാകുന്നത്. നേരത്തെ വ്യോമസേനയുടെ ഫ്ലൈ ഡേ പരേഡും ഡല്‍ഹിയില്‍ നിന്നും മാറ്റി ചണ്ഡിഗഡിലാക്കിയിരുന്നു.
