ന്യൂഡല്‍ഹി: പസഫിക്കില്‍ വന്‍ സാദ്ധ്യത തുറന്ന് ഇന്ത്യ- ഓസ്ട്രേലിയ വാണിജ്യ-വ്യാപാര കരാറിന് തുടക്കം. കഴിഞ്ഞ ഏപ്രില്‍ 2ന് ഇരുരാജ്യങ്ങളും ഒപ്പുവെച്ച വാണിജ്യ പങ്കാളിത്ത കരാറാണ് ഇന്നലെ യാഥാര്‍ത്ഥ്യമായത്.ഇന്ത്യ നല്‍കുന്ന എല്ലാ പിന്തുണയ്ക്കും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്‍റണി അല്‍ബാനിസ് നന്ദി അറിയിച്ചു.
ഒരിക്കല്‍ ചൈനീസ് ഉല്‍പ്പന്നങ്ങളാല്‍ നിറഞ്ഞ ഓസ്ട്രേലിയന്‍ വിപണിയാണ് ഇന്ന് ഇന്ത്യയ്ക്കായി വഴി തുറന്നിരിക്കുന്നത്. ഓസ്ട്രേലിയ ക്വാഡിന്‍റെ ഭാഗമായതോടെയാണ് ചൈന വാണിജ്യ-പ്രതിരോധ രംഗത്ത് ഇടഞ്ഞത്. നിലവില്‍ ഇന്ത്യ കരുത്തുറ്റ വാണിജ്യ പങ്കാളിയായത് ചൈനയ്ക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയുമാണ്.
‘ഇന്ത്യയുമായുള്ള കരുത്തുറ്റ വാണിജ്യ-വ്യാപാര കരാറിന് ഇന്ന് തുടക്കമായിരിക്കുന്നു. ഓസ്ട്രേലിയയുടെ വ്യവസായ വാണിജ്യ രംഗത്തിന് പുതിയ സാദ്ധ്യതകളാണ് ഉപഭൂഖണ്ഡത്തിലെ കരുത്തരായ ഇന്ത്യ തുറന്നിട്ടിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയുടെ വൈവിധ്യം വലിയ സാദ്ധ്യതയാണ് തുറന്നിട്ടിരിക്കുന്നത്. നികുതി ഇല്ലാതെ സാധനങ്ങള്‍ ഓസ്ട്രേലിയന്‍ വിപണിയിലെത്തുന്നതും വ്യാപാരികള്‍ക്ക് വലിയ ഉത്തേജനം പകരും.’ അല്‍ബാനിസ് ട്വിറ്ററിലൂടെ പ്രതീക്ഷ പങ്കുവെച്ചു.
നരേന്ദ്രമോദിയുമായി മുമ്പ് നടത്തിയ സുപ്രധാന കൂടിക്കാഴ്ചയെ ചരിത്രമുഹൂര്‍ത്തമെന്നാണ് അല്‍ബാനിസ് വിശേഷിപ്പിച്ചത്. രാജ്യങ്ങള്‍ തമ്മിലുള്ള വലിയ മുന്നേറ്റവും സൗഹൃദവും ഇതിലൂടെ ശക്തമായിരിക്കുന്നുവെന്നും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി പറഞ്ഞു.