ദുബായ്: ട്വന്റി20 ലോകകപ്പിനു മുന്നോടിയായുള്ള തങ്ങളുടെ അവസാന സന്നാഹ മത്സരത്തില്‍ ഇന്ത്യ ബുധനാഴ്ച ആസ്ട്രേലിയയെ നേരിടും. ആദ്യ സന്നാഹ മത്സരങ്ങള്‍ ജയിച്ചാണ് ഇരുടീമുകളുടെയും വരവ്. ഇന്ത്യ ഇംഗ്ലണ്ടിനെ ഏഴു വിക്കറ്റിന് തോല്പിച്ചപ്പോള് ഓസീസ് മൂന്നു വിക്കറ്റിന് ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയിരുന്നു. ഞായറാഴ്ച പാകിസ്താനെതിരെ ലോകകപ്പിലെ ആദ്യ കളിക്കിറങ്ങും മുമ്പ് ടീം കോമ്പിനേഷന്‍ ശരിയാക്കാനുള്ള അവസാന അവസരമായാണ് ഇന്ത്യ ഓസീസിനെതിരായ മത്സരത്തെ കാണുന്നത്. ബാറ്റിങ്ങില്‍ ആദ്യ അഞ്ചുപേരുടെ സ്ഥാനം ഏറെക്കുറെ ഉറപ്പാണെങ്കിലും ബാറ്റര്‍ മാത്രമായി ടീമിലുള്ള ഹാര്‍ദിക് പാണ്ഡ്യയുടെ ഫോമാവും ഇന്ത്യ ഉറ്റുനോക്കുന്നത്.
ഓപണര്‍മാരായി രോഹിത് ശര്‍മയും ലോകേഷ് രാഹുലും വണ്‍ഡൗണില്‍ താനുമായിരിക്കും ഇറങ്ങുകയെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്ലി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. നാല്, അഞ്ച് സ്ഥാനങ്ങളില്‍ സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത് എന്നിവരുമെത്തും. അഞ്ചില്‍ ഹാര്‍ദിക്കിനെ നിലനിര്‍ത്തുമോ അതോ, ഇംഗ്ലണ്ടിനെതിരെ ഓപണറായി തകര്‍ത്തടിച്ച ഇഷാന് കിഷന് അവസരം നല്‍കുമോ എന്നത് ഇന്നത്തെ ഹര്‍ദിക്കിന്‍െറ പ്രകടനത്തെ കൂടി ആശ്രയിച്ചാവും തീരുമാനിക്കപ്പെടുക. ആദ്യ സന്നാഹത്തിനിറങ്ങാത്ത രോഹിത് ഇന്ന് കളിക്കും.
ബൗളിങ്ങില്‍ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും നന്നായി എറിഞ്ഞപ്പോള്‍ ഭുവനേശ്വര്‍ കുമാറിന്‍െറ മോശം ഫോം ഇന്ത്യയെ കുഴക്കുന്നുണ്ട്. സ്പിന്നര്‍മാരില്‍ രാഹുല്‍ ചഹാറും ഇംഗ്ലണ്ടിനെതിരെ നന്നായി അടി വാങ്ങി. ഇന്ന് ശാര്‍ദുല്‍ ഠാകൂര്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്ക് അവസരം നല്‍കിയേക്കും.
