ബ്ളൂംഫൊണ്ടേയ്ന്‍ : ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പിന്‍റെ ആദ്യ സെമിയില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ ആവേശപ്പോരാട്ടത്തില്‍ രണ്ട് വിക്കറ്റിന് കീഴടക്കി ഇന്ത്യ ഫൈനലില്‍ കടന്നു.
ടോസ് നേടി ദക്ഷിണാഫ്രിക്കയെ ആദ്യ ബാറ്റിംഗിന് ഇറക്കിയ ഇന്ത്യ അവരെ നിശ്ചിത 50 ഓവറില്‍ 244/7 എന്ന സ്കോറില്‍ ഒതുക്കിയശേഷം 48.5 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു. 32 റണ്‍സ് എടുക്കുന്നതിനിടെ നാലുവിക്കറ്റ് നഷ്ടമായിരുന്ന ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ ഒരുമിച്ച സച്ചിന്‍ ദാസും (96) നായകന്‍ ഉദയ് സഹാറണും(81) ചേര്‍ന്നാണ് പോരാട്ടത്തിലേക്ക് തിരിച്ചെത്തിച്ചത്.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആതിഥേയര്‍ക്ക് വേണ്ടി അര്‍ദ്ധസെഞ്ച്വറികള്‍ നേടിയ ലുവാന്‍ ഡി പ്രിട്ടോറിയസും (76) , റിച്ചാര്‍ഡ് സെലസ്റ്റുവേനും (64) ചേര്‍ന്നാണ് പൊരുതിയത്. ഒളിവര്‍ വൈറ്റ്ഹെഡ് (22), ക്യാപ്ടന്‍ യുവാന്‍ ജെയിംസ് (24) എന്നിവരും പിന്തുണ നല്‍കി. ഇന്ത്യയ്ക്ക് വേണ്ടി രാജ് ലിംബാനി ഒന്‍പത് ഓവറില്‍ 60 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഷീര്‍ ഖാന്‍ പത്തോവറില്‍ ഒരു മെയ്ഡനടക്കം 43 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍ ആദര്‍ശ് സിംഗിനെ (0) ആദ്യ പന്തില്‍ തന്നെ നഷ്ടമായി.മഫാക്കയുടെ പന്തില്‍ കീപ്പര്‍ ക്യാച്ച് നല്‍കിയാണ് ആദര്‍ശ് മടങ്ങിയത്. തുടര്‍ന്ന് മൂന്നാം ഓവറില്‍ മുഷീര്‍ ഖാനെയും (4)പത്താം ഓവറില്‍ അര്‍ഷിന്‍ കുല്‍ക്കര്‍ണിയേയും (12) 12ാം ഓവറില്‍ പ്രിയാംശു മോളിയയേയും (5) ട്രിസ്റ്റന്‍ ലസ് പുറത്താക്കിയതോടെ ഇന്ത്യ 32/4 എന്ന നിലയിലായി. തുടര്‍ന്നാണ് സച്ചിന്‍ ദാസും ഉദയ് സഹാറണും ക്രീസില്‍ ഒരുമിച്ചത്. 43-ാം ഓവര്‍ വരെ ക്രീസില്‍ നിന്ന ഇവര്‍ 203 റണ്‍സിലെത്തിച്ചു. 171 റണ്‍സാണ് ഇവര്‍ കൂട്ടിച്ചേര്‍ത്തത്. സെഞ്ച്വറിക്ക് നാലുറണ്‍സ് അകലെവച്ച് മഫാക്കയാണ് സച്ചിന്‍ദാസിനെ പുറത്താക്കി സഖ്യം പൊളിച്ചത്. പോരാട്ടം തുടര്‍ന്ന ഉദയ് വിജയത്തിന് നാലുറണ്‍സ്അകലെയാണ് പുറത്തായത്.അടുത്ത പന്തില്‍ ബൗണ്ടറിയിലൂടെ രാജ് ലിംബാനിയാണ് വിജയറണ്‍ നേടിയത്.