.ടോം ഹാര്‍ട്ലിക്ക് ഏഴ് വിക്കറ്റ്
ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ 28 റണ്‍സിന് ഇന്ത്യക്ക് തോല്‍വി. ജയിക്കാന്‍ 231 റണ്‍സ് വേണമായിരുന്ന ഇന്ത്യ നാലാം ദിനം അവസാന സെഷനില്‍ 202 റണ്‍സിന് ഓള്‍ഔട്ടായി. ഏഴ് വിക്കറ്റുമായി കളം നിറഞ്ഞ ടോം ഹാര്‍ട്ലിയാണ് ഇന്ത്യന്‍ പതനം പൂര്‍ണമാക്കിയത്. ആദ്യ ഇന്നിങ്സ് ലീഡ് നേടിയ ശേഷമാണ് ഇന്ത്യ പരാജയം വഴങ്ങിയത്.
ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്‍റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 15 റണ്‍സെടുത്ത ജയ്സ്വാളിനെ പുറത്താക്കിയാണ് ടോം ഹാര്‍ട്ലി വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ അതേ ഓവറില്‍ തന്നെ ശുഭ്മാന്‍ ഗില്ലിനെയും (0) ഹാര്‍ട്ലി പിടികൂടി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും പുറത്താക്കി ഹാര്‍ട്ലി ഇന്ത്യയെ പ്രതിരോധത്തിലാക്കി. 39 റണ്‍സെടുത്ത ഹിറ്റ്മാനെ ഹാര്‍ട്ലി വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.
പിന്നീട് ക്രീസിലൊരുമിച്ച കെ.എല്‍. രാഹുലും അക്ഷര്‍ പട്ടേലും ചേര്‍ന്ന് സ്കോര്‍ 95 വരെയെത്തിച്ചു. 17 റണ്‍സെടുത്ത അക്ഷറിനെയും പുറത്താക്കി ഹാര്‍ട്ലി കരുത്തുകാട്ടി. വൈകാതെ 22 റണ്‍സെടുത്ത രാഹുലിനെ ജോ റൂട്ട് വിക്കറ്റിന് മുന്നില്‍ കുരുക്കിയതോടെ ഇന്ത്യ പതറിത്തുടങ്ങി. രവീന്ദ്ര ജഡേജയെ (2) റണ്ണൗട്ടാക്കി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് ഇന്ത്യയെ ആറിന് 119 എന്ന നിലയിലാക്കി. പിന്നാലെ 13 റണ്‍സെടുത്ത ശ്രേയസ് അയ്യരെ ജാക്ക് ലീച്ചും പുറത്താക്കിയതോടെ ഇന്ത്യ തോല്‍വിയുടെ വക്കിലെത്തി.
പിന്നീട് ക്രീസിലൊരുമിച്ച ശ്രീകര്‍ ഭരത് – രവിചന്ദ്രന്‍ അശ്വിന്‍ സഖ്യം ചെറുത്തുനിന്നതോടെ ഇന്ത്യയ്ക്ക് പുതുജീവന്‍ കൈവന്നു. എട്ടാം വിക്കറ്റില്‍ 57 റണ്‍സാണ് ഈ സഖ്യം കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ അവിടെയും ഹാര്‍ട്ലി ഇന്ത്യയുടെ വില്ലനായി അവതരിച്ചു. 59 പന്തുകളില്‍ നിന്ന് 28 റണ്‍സെടുത്ത ഭരത്തിനെ പുറത്താക്കിയ ഹാര്‍ട്ലി കളി വീണ്ടും ഇംഗ്ലണ്ടിന്‍റെ കൈകളിലെത്തിച്ചു.
തൊട്ടുപിന്നാലെ അശ്വിനെയും (28) ഹാര്‍ട്ലി പുറത്താക്കിയതോടെ ഇന്ത്യയുടെ പ്രതീക്ഷ അസ്തമിച്ചു. അവസാന വിക്കറ്റില്‍ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ചെറുത്തുനിന്നു. ഇരുവരും 25 റണ്‍സ് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഒടുവില്‍ സിറാജിനെയും (12) ഹാര്‍ട്ലി മടക്കിയതോടെ ഇന്ത്യന്‍ ഇന്നിങ്സ് അവസാനിച്ചു. ആറ് റണ്‍സുമായി ബുമ്ര പുറത്താകാതെ നിന്നു.