ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാം ഫൈനലിലും തോല്‍വിയേറ്റുവാങ്ങി ഇന്ത്യ. കഴിഞ്ഞതവണ ന്യൂസിലന്‍ഡിനോട് കിരീടം കൈവിട്ട ഇന്ത്യ ഇക്കുറി ഓവലില്‍ ഓസ്ട്രേലിയയോട് 209 റണ്‍സിന്‍റെ കനത്ത തോല്‍വി ഏറ്റുവാങ്ങി.
രണ്ടാം ഇന്നിംഗ്സില്‍ 444 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ അഞ്ചാം ദിനത്തിലെ ആദ്യ സെഷനില്‍ 234 റണ്‍സില്‍ പുറത്ത്.
ടീം ഇന്ത്യ 40 ഓവറില്‍ 164-3 എന്ന നിലയിലാണ് അഞ്ചാം ദിനം ബാറ്റിംഗിന് ഇറങ്ങിയത്.
60 പന്തില്‍ 44 റണ്‍സുമായി വിരാട് കോലിയും 59 ബോളില്‍ 20 റണ്‍സുമായി അജിങ്ക്യ രഹാനെയുമായിരുന്നു ക്രീസില്‍.78 പന്തില്‍ ഏഴ് ഫോറുകളോടെ 49 റണ്‍സെടുത്ത് നില്‍ക്കേ വിരാട് കോലിയെ സ്കോട്ട് ബോളണ്ട് സ്ലിപ്പില്‍ സ്റ്റീവ് സ്മിത്തിന്‍റെ കൈകളില്‍ എത്തിച്ചു.
രവീന്ദ്ര ജഡേജയെ ബോളണ്ട് പുറത്താക്കി.
ഇതിന് ശേഷം ശ്രീകര്‍ ഭരതിനെ കൂട്ടുപിടിച്ച് അജിങ്ക്യ രഹാനെ പോരാട്ടത്തിന് ശ്രമിച്ചെങ്കിലും മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പന്ത് കെണിയൊരുക്കി. 108 പന്തില്‍ ഏഴ് ഫോറുകള്‍ സഹിതം 46 റണ്‍സ് നേടിയ രഹാനെയെ ക്യാരി പിടികൂടുകയായിരുന്നു.
തൊട്ടുപിന്നാലെ ഷര്‍ദ്ദുല്‍ താക്കൂര്‍, ഉമേഷ് യാദവ് പെട്ടെന്ന് തന്നെ പുറത്തായി. വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരത്(41 പന്തില്‍ 23) റിട്ടേണ്‍ ക്യാച്ചില്‍ പുറത്തായപ്പോള്‍ മുഹമ്മദ് സിറാജിനെ പാറ്റ് കമ്മിന്‍സ് പറഞ്ഞയച്ചതോടെ പോരാട്ടം അവസാനിച്ചു.
