ഇന്ത്യയുടേത് വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയെന്ന് സാമ്പത്തിക സര്‍വ്വേ

Kerala

ആഗോളശക്തികളെക്കാള്‍ വേഗത്തില്‍ ഇന്ത്യന്‍ സമ്പദ് രംഗം മടങ്ങിവന്നു
അടുത്ത സാമ്പത്തികവര്‍ഷം വളര്‍ച്ചാ നിരക്ക് കുറയും
കേന്ദ്രസര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് നയപ്രഖ്യാപനത്തില്‍ രാഷ്ട്രപതി
ബജറ്റ് ഇന്ന്

ന്യൂഡല്‍ഹി: ഇന്ത്യയുടേത് വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയെന്ന് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്. കോവിഡ് വെല്ലുവിളികളെ തുടര്‍ന്ന് ആഗോള സാമ്പത്തിക ശക്തികളെക്കാള്‍ വേഗത്തില്‍ ഇന്ത്യയുടെ സാമ്പത്തിക രംഗം മടങ്ങിവന്നു.രാജ്യം നടപ്പ് സാമ്പത്തിക വര്‍ഷം ഏഴ് ശതമാനം വളര്‍ച്ച നേടും.എന്നാല്‍ അടുത്ത സാമ്പത്തിക വര്‍ഷം വളര്‍ച്ചാനിരക്ക് കുറയും. ഈ സാമ്പത്തിക വര്‍ഷം ഏഴു ശതമാനമായിരിക്കുന്ന വളര്‍ച്ചാനിരക്ക് അടുത്ത വര്‍ഷം 6- 6.8 ശതമാനമായി കുറയുമെന്നാണ് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ സമര്‍പ്പിച്ച സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉക്രൈന്‍ യുദ്ധം, കോവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധികള്‍ ഇപ്പോഴും നിലനില്‍ക്കുന്നതായി സാമ്പത്തികസര്‍വ്വേ ചൂണ്ടിക്കാട്ടുന്നു.
ജിഡിപി 6.5 ശതമാനം ആയി വളര്‍ച്ച കാണിക്കും. നിലവില്‍ ഇത് 7% ആയിരുന്നു. ജിഡിപിയില്‍ കുറവുവന്നാലും അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ നിലനില്‍ക്കുമെന്നും ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയായി മാറുമെന്നും സാമ്പത്തിക സര്‍വ്വേ പറയുന്നു.
ഇന്ന് രാവിലെ 11 മണിക്ക് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും. നരേന്ദ്രമോദി സര്‍ക്കാറിന്‍റെ തുടര്‍ച്ചയായ പത്താം ബജറ്റ് ആണിത്. ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യഘട്ടം ഫെബ്രുവരി 13ന് സമാപിക്കും. രണ്ടാംഘട്ടം മാര്‍ച്ച് 13 മുതല്‍ ഏപ്രില്‍ ആറ് വരെയാണ്.
രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കമായത്.കേന്ദ്രസര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു പാര്‍ലമെന്‍റിന്‍റെ ഇരു സഭകളെയും അഭിസംബോധന ചെയ്തത്.
പ്രകടമായ പല മാറ്റങ്ങളും ഈ സര്‍ക്കാറിന്‍റെ കാലത്തുണ്ടായി. ഇന്ത്യയോടുള്ള ലോകത്തിന്‍റെ കാഴ്ചപ്പാട് തന്നെ മാറി. സ്വന്തം ആവശ്യങ്ങള്‍ക്കു ഇന്ത്യ മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നില്ല. എന്നാല്‍ മറ്റു രാജ്യങ്ങള്‍ ഇന്ത്യയുടെ സഹായം തേടുന്നു.
ഇന്ത്യയെ നയിക്കുന്നത് ദൃഢനിശ്ചയമുള്ള സര്‍ക്കാറാണ്. അതിശക്തമായ നിലപാടാണ് ഈ സര്‍ക്കാറിനുള്ളത്. മുത്തലാഖ് നിര്‍ത്തലാക്കിയതും ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതും ഉള്‍പ്പെടെ രാഷ്ട്രപതി പരാമര്‍ശിച്ചു
2047ലേക്കുള്ള അടിത്തറ പണിയുകയാണ്.രാജ്യത്തെ അടിസ്ഥാന വിഭാഗങ്ങള്‍ ഇന്ന് സ്വപ്നം കാണാന്‍ പ്രാപ്തരായി.വിവേചനമില്ലാതെ എല്ലാ സാമൂഹിക വിഭാഗങ്ങളുടെയും പുരോഗതി മുന്നില്‍കണ്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.രാഷ്ട്രപതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *