മുംബൈ: ടി20 ലോകകപ്പില്‍ ഫേവറേറ്റുകളായി വന്ന് ഇന്ത്യ സെമി കാണാതെ പുറത്തായിരിക്കുകയാണ്. ഏറ്റവും ശക്തമായ ടീമും യുഎഇയില്‍ ഐപിഎല്‍ കളിച്ചതിന് പിന്നാലെ ലോകകപ്പിന് ഇറങ്ങിയതുമെല്ലാം ഇന്ത്യയെ ഫേവറേറ്റുകളാക്കിയെങ്കിലും മികവിനൊത്ത് ഉയരാന്‍ ടീമിനായില്ല.പാകിസ്താനോടും ന്യൂസീലന്‍ഡിനോടും തോറ്റതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഇന്ന് നടക്കുന്ന അവസാന മത്സരത്തില്‍ നമീബിയയെ നേരിട്ട് ഇന്ത്യ യുഎഇയില്‍ നിന്ന് വണ്ടികയറും.ഇന്ത്യയെ സംബന്ധിച്ച് മുന്നിലുള്ള അടുത്ത വെല്ലുവിളി ന്യൂസീലന്‍ഡ് പരമ്പരയാണ്. മൂന്ന് ടി20യും രണ്ട് ടെസ്റ്റും ഉള്‍പ്പെടുന്ന പരമ്പരക്ക് ഇന്ത്യയാണ് വേദിയാകുന്നത്. ഈ മാസം 17നാണ് പരമ്പര ആരംഭിക്കുന്നത്. ടി20 നായകനെന്ന നിലയില്‍ വിരാട് കോലി കളിക്കുന്ന അവസാന ടൂര്‍ണമെന്‍റായിരുന്നു ലോകകപ്പ്. രവി ശാസ്ത്രിയും പടിയിറങ്ങുന്നതോടെ രാഹുല്‍ ദ്രാവിഡിന്‍റെ കീഴില്‍ വലിയ മാറ്റങ്ങള്‍ക്കാണ് ഇന്ത്യ തയ്യാറെടുക്കുന്നത്.