ന്യൂഡല്‍ഹി: ബി.ബി.സി ഓഫിസുകളിലെ ആദായനികുതി വകുപ്പിന്‍റെ പരിശോധന ബി.ജെ.പി സര്‍ക്കാറിന്‍റെ രാഷ്ട്രീയ പകപോക്കലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.നടപടി മാധ്യമ സ്വാതന്ത്രത്തെ ബാധിച്ചുവെന്നും ഇന്ത്യയില്‍ മാധ്യമങ്ങളില്ലാതാകുന്ന ഒരു ദിവസം വരുമെന്നും മമത പറഞ്ഞു.
ബി.ബി.സിയുടെ ഡല്‍ഹി, മുംബൈ ഓഫിസുകളിലാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നലെ പരിശോധനക്കെത്തിയത്. ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ വിവാദ ഡോക്യുമെന്‍ററി ബി.ബി.സി സംപ്രേഷണം ചെയ്തതിനെതിരെ ബി.ജെ.പി വന്‍ വിമര്‍ശനം ഉയര്‍ത്തിയ പശ്ചാത്തലത്തിലായിരുന്നു റെയ്ഡ്.ബി.ബി.സി പരിശോധനയില്‍ പ്രതിപക്ഷ കക്ഷികള്‍ വ്യാപക വിമര്‍ശനമാണുയര്‍ത്തിയത്. മാധ്യമ സ്വാതന്ത്ര്യത്തിനുനേരെ തുടര്‍ച്ചയായ ആക്രമണമാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. വിമര്‍ശന സ്വരങ്ങള്‍ ഞെരിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണ്. പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും ആക്രമിക്കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെ ദുരുപയോഗിച്ചാല്‍ ഒരു ജനാധിപത്യത്തിനും നിലനില്‍പില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി.ബി.സി റെയ്ഡിനെ പരിതാപകരമായ സെല്‍ഫ് ഗോള്‍ എന്നാണ് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ വിശേഷിപ്പിച്ചത്. ബി.ബി.സി ഡോക്യുമെന്‍ററിയോടുള്ള പ്രതികാരമായും മാധ്യമസ്വാതന്ത്ര്യം ഞെരുക്കാനുള്ള ബി.ജെ.പി സര്‍ക്കാറിന്‍റെ നീക്കമായും ലോകം ഇതിനെ കാണുമെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.മോദി ക്വസ്റ്റ്യന്‍ ഡോക്യുമെന്‍ററി സംപ്രേഷണം ചെയ്ത ചാനലിനെ പീഡിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സി.പി.എം ചൂണ്ടിക്കാട്ടി. കേന്ദ്ര ഏജന്‍സികളെക്കൊണ്ട് റെയ്ഡ് നടത്തിയും മറ്റും ഇന്ത്യന്‍ മാധ്യമങ്ങളെ ദ്രോഹിക്കുന്നത് മോദി സര്‍ക്കാറിന്‍റെ പതിവു തന്ത്രമാണ്. അതിപ്പോള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ മാധ്യമ സ്ഥാപനത്തിനു നേരെയുമായി. വിമര്‍ശിക്കുന്ന മാധ്യമങ്ങളെ ഒതുക്കുന്ന സ്വേച്ഛാധിപത്യ രീതി മോദിസര്‍ക്കാറിന്‍റെ പ്രതിച്ഛായ കൂടുതല്‍ മോശമാക്കുമെന്നും സി.പി.എം പോളിറ്റ് ബ്യൂറോ പറഞ്ഞു.