ഇന്ത്യയില്‍ വികസിപ്പിച്ചതായതിനാലാണ് കോവാക്സിനെ
വിമര്‍ശിക്കുന്നതെന്ന്
ഭാരത് ബയോടെക്ക്

India Kerala

ന്യൂഡല്‍ഹി: രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിനെതിരെ ഉയരുന്ന വിമര്‍ശങ്ങള്‍ തള്ളി കോവാക്സിന്‍ വികസിപ്പിച്ച ഭാരത് ബയോടെക്ക്. ഇന്ത്യന്‍ കമ്പനികളെ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കുമുള്ള പ്രവണതയാണ് വിമര്‍ശങ്ങള്‍ക്ക് പിന്നിലെന്ന് ഭാരത് ബയോടെക്ക് മേധാവി ഡോ. കൃഷ്ണ എല്ല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍റെ നിബന്ധനകള്‍ പ്രകാരമാണ് അനുമതി ലഭിച്ചത്. സിഡിഎസ്സിഒയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ 2019 ല്‍ പുറത്തുവന്നതാണ്. സുരക്ഷിതമാകണം ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങളുടെ വിവരങ്ങള്‍ ലഭ്യമാകണം എന്നീ നിബന്ധനകള്‍ പാലിച്ചാല്‍ വാക്സിന് അനുമതി നല്‍കാമെന്നാണ് മാര്‍ഗനിര്‍ദ്ദേശം. കൃഷ്ണ എല്ല പറയുന്നു.
ഇന്ത്യക്ക് കണ്ടുപിടിത്തങ്ങള്‍ നടത്താനാവുമെന്നും കോപ്പിയടിക്കാന്‍ മാത്രം അറിയുന്ന രാജ്യമല്ല ഇന്ത്യയെന്നും വിമര്‍ശിക്കുന്നവര്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ബയോടെക്ക് എല്ലാകാര്യങ്ങളും ചട്ടപ്രകാരമാണ് ചെയ്തത്. തങ്ങളുടെ വാക്സിന്‍ വെള്ളമാണെന്നാണ് ചിലര്‍ വിമര്‍ശിച്ചത്. തങ്ങളുടെ ഗവേഷകരെ അത്തരം വിമര്‍ശങ്ങള്‍ വേദനിപ്പിച്ചു ഡോ.കൃഷ്ണ പറഞ്ഞു.അവര്‍ അര്‍ഹിക്കുന്നത് അതല്ല. പലരും അപവാദങ്ങള്‍ പറഞ്ഞുനടക്കുകയാണ്. മെര്‍ക്കിന്‍റെ എബോള വാക്സിന്‍ മനുഷ്യരിലുള്ള പരീക്ഷണം പൂര്‍ത്തിയാക്കാതെ തന്നെ ലൈബീരിയയിലും ഗിനിയയിലും ഉപയോഗിക്കാനുള്ള അനുമതി ലോകാരോഗ്യ സംഘടന നല്‍കിയിരുന്നുവെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *