റിയാദ്: കൊവിഡ് അതിതീവ്രമായി നില്‍ക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്തവരെ കുറഞ്ഞത് മൂന്ന് വര്‍ഷത്തേക്കെങ്കിലും യാത്ര ചെയ്യുന്നതില്‍ നിന്ന് വിലക്കാന്‍ സൗദി അറേബ്യ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. സൗദിയിലെ ദേശീയ വാര്‍ത്താ ഏജന്‍സിയാണ് ഏതാനും ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊവിഡിന്‍റെ പുതിയ വകഭേദം രൂക്ഷമായി പടര്‍ന്നിട്ടുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിലവില്‍ സൗദിയില്‍ യാത്രാ നിരോധനം ഉണ്ട്. എന്നാല്‍ കഴിഞ്ഞ മേയില്‍ സൗദി അന്താരാഷ്ട്ര യാത്രകള്‍ക്ക് ചില ഇളവുകള്‍ നല്‍കിയപ്പോള്‍ നിരവധി പേര്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്തത് ആശങ്ക ഉയര്‍ത്തിയെന്ന് സൗദി സര്‍ക്കാരുമായി ബന്ധപ്പെട്ട ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.ഇത്തരം യാത്രക്കാര്‍ക്ക് സൗദിയില്‍ എത്തുമ്പോള്‍ നിയമപരമായ നടപടികളെ കൂടാതെ കനത്ത പിഴയും ചുരുങ്ങിയത് മൂന്ന് വര്‍ഷത്തേക്ക് യാത്രാ വിലക്കും നല്‍കാനാണ് സൗദി സര്‍ക്കാര്‍ ആലോചിക്കുന്നത്. അഫ്ഗാനിസ്ഥാന്‍, അര്‍ജന്‍റീന, ബ്രസീല്‍, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, ഇന്തോനേഷ്യ, ലെബനന്‍, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, വിയറ്റ്നാം, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ രാജ്യങ്ങളിലേക്കാണ് പ്രധാനമായും സൗദി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.