ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷം കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിനായി തെരഞ്ഞെടുത്തത് അമേരിക്കയും കാനഡയുമെന്ന് റിപ്പോര്‍ട്ട്. ദി ഇന്ത്യന്‍ സ്റ്റുഡന്‍റ്സ് മൊബിലിറ്റി റിപ്പോര്‍ട്ട് 2023 ലാണ് ഇക്കാര്യം പറയുന്നത്. യുകെയുടെ സ്ഥാനം നാലില്‍ നിന്ന് മൂന്നിലേക്ക് ഉയര്‍ന്നു. യുകെയിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളുടെ വളര്‍ച്ച 49.6 ശതമാനമായി ഉയര്‍ന്നു. കാനഡയിലേക്ക് പോകുന്നവരുടെ എണ്ണത്തില്‍ 46.8 ശതമാനവും വളര്‍ച്ചയുണ്ടായി. ഓസ്ട്രേലിയയിലേക്ക് പോകുന്നവരുടെ വളര്‍ച്ച 0.7 ശതമാനം മാത്രമാണ്. അതേസമയം, യുഎസില്‍ പോകുന്നവരുടെ എണ്ണത്തില്‍ 18.9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ മൂന്ന് വര്‍ഷങ്ങളിലും ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രധാന പരിഗണന കാനഡയായിരുന്നു. 2021-ല്‍ യുഎസ് ഒന്നാം സ്ഥാനത്തെത്തി. ഓസ്ട്രേലിയ മൂന്നാം സ്ഥാനത്തും യുകെ 2019, 2020, 2021 വര്‍ഷങ്ങളില്‍ നാലാം സ്ഥാനവും നേടി. 2022-ല്‍, കാനഡ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് നേടി. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങള്‍ കാനഡയിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഒഴുക്കിനെ ബാധിക്കില്ലെന്നും കണക്കുകള്‍ പറയുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കാനഡയിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് 86% വര്‍ദ്ധിച്ചു. യുഎസ്, യുകെ, ഓസ്ട്രേലിയ, കാനഡ എന്നീ നാല് രാജ്യങ്ങളിലായി ഏകദേശം 8.5 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസം നേടുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏകദേശം 92,976 കോടിരൂപയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അമേരിക്കന്‍ സമ്പദ് വ്യവസ്ഥക്ക് നല്‍കുന്നത്.