ന്യൂഡല്‍ഹി: അതിര്‍ത്തിക്കപ്പുറത്ത് ചൈന അതീവ രഹസ്യമായി നടത്തുന്ന നീക്കങ്ങള്‍ പോലും സെക്കന്‍ഡുകള്‍ക്കുള്ളില്‍ മണത്തറിയാന്‍ ഇന്ത്യന്‍ സൈന്യത്തിന് ഇപ്പോള്‍ കഴിയുന്നുണ്ട്. ഇന്ത്യയുടെ ആകാശത്ത് വട്ടമിട്ട് പറക്കുന്ന ഇസ്രയേല്‍ നിര്‍മ്മിതമായ അത്യന്താധുനിക ഹെറോണ്‍ ഡ്രോണുകളാണ് ഇതിന് സഹായിക്കുന്നത്. ചൈനീസ് അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈന്യത്തിന്റെ നട്ടെല്ലുതന്നെയാണ് ഹെറോണ്‍ ഡ്രോണുകള്‍. മോദി സര്‍ക്കാര്‍ പ്രതിരോധമേഖലയ്ക്ക് അനുവദിച്ച അടിയന്തര സാമ്ബത്തിക അധികാരത്തിന്റെ കീഴിലാണ് സൈന്യം പുതിയ ഡ്രോണുകള്‍ സ്വന്തമാക്കിയത്.
നിരീക്ഷണത്തിനായി 30,000 അടി ഉയരത്തില്‍ പറക്കാന്‍ കഴിവുള്ള ഹെറോണ്‍ ഡ്രോണുകള്‍ക്ക് ഭൂപ്രകൃതിയും അവിടെ നടക്കുന്ന സംഭവ വികാസങ്ങളും തത്സമയം പകര്‍ത്തി സൈനിക കേന്ദ്രങ്ങള്‍ക്ക് എത്തിച്ചു നല്കാന് കഴിയും. ഇത്രയും ഉയരത്തിലാണെങ്കിലും ഭൂമിയിലെ ചെറിയ വസ്തുക്കള്‍ പോലും ഹെറോണിന്റെ കണ്ണില്‍പ്പെടും. രാവും പകലും ഒരുപോലെ പ്രവര്‍ത്തിക്കുന്ന കാമറകളാണ് പ്രധാന ശക്തി. എത്ര മോശം കാലാവസ്ഥയായാലും അണുവിടെ തെറ്റാതെ കൃത്യമായുള്ള നിരീക്ഷണത്തിന് ഇത് സഹായിക്കും.
470 കിലോഗ്രാം ഭാരമുള്ള ആയുധങ്ങള്‍ വരെ വഹിക്കാന്‍ ശേഷിയുള്ള ഇവ 350 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കും. ആവശ്യമെങ്കില്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയശേഷം സുരക്ഷിതമായി തിരിച്ചെത്താനും ഇവയ്ക്ക് കഴിയും. ആന്റി ജാമിംഗ് ശേഷിയും ഉണ്ട്. ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസാണ് ഹെറോണ്‍ ഡ്രോണുകള്‍ നിര്‍മിക്കുന്നത്.
ഇന്ത്യക്ക് പുറമേ ഫ്രാന്‍സ്, ഓസ്ട്രേലിയ, കാനഡ, തുര്‍ക്കി എന്നീ രാജ്യങ്ങളും ഇവ ഉപയോഗിക്കുന്നുണ്ട്.
ലഡാക്ക് അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് സൈന്യത്തിന്റെ സാന്നിദ്ധ്യം പ്രകടമായ സാഹചര്യത്തിലാണ് സൈന്യത്തിന് ഹെറോണ്‍ ഡ്രോണുകള്‍ വാങ്ങാനുള്ള അനുമതി കൊടുത്തത്. ചൈനയുടെ അതിര്‍ത്തി പ്രദേശങ്ങളിലാണ് ഇപ്പോള്‍ ഡ്രോണുകള്‍ വിന്യസിച്ചിരിക്കുന്നത്.
