മോസ്കോ: ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധി സംഘം താലിബാനുമായി ചര്‍ച്ച നടത്തി. റഷ്യയുടെ നേതൃത്വത്തില്‍ മോസ്കോയില്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ചയിലാണ് ഇന്ത്യന്‍ സംഘം താലിബാനുമായി സംസാരിച്ചത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സാമ്പത്തികവും നയപരവുമായ ബന്ധം വികസിപ്പിക്കുകയാണെന്നാണ് താലിബാന്‍ പ്രതിനിധി ഇന്ത്യയുമായുള്ള ചര്‍ച്ചയെ വിശേഷിപ്പിച്ചത്. എന്നാല്‍, ഇതു സംബന്ധിച്ച് ഇന്ത്യ ഔദ്യോഗിക പ്രതികരണമൊന്നും നല്‍കിയിട്ടില്ല. അതേസമയം, ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ചര്‍ച്ച നടന്നതായിസ്ഥിരീകരിച്ചു.
വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറി ജെ.പി സിങ്ങാണ് ചര്‍ച്ചയില്‍ ഇന്ത്യന്‍ സംഘത്തെ നയിച്ചത്. താലിബാന്‍ ഉപപ്രധാനമന്ത്രി അബ്ദുസലാം ഹനഫി, വക്താവ് സബീഹുല്ല മുജാഹിദ് തുടങ്ങിയവരാണ് താലിബാനെ പ്രതിനിധീകരിച്ചത്.
അഫ്ഗാന് സഹായങ്ങള്‍ നല്‍കാനുള്ള സന്നദ്ധത ഇന്ത്യ പ്രകടിപ്പിച്ചതായി താലിബാനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭക്ഷ്യധാന്യ പ്രതിസന്ധിയുള്ള അഫ്ഗാന് ഗോതമ്പ് നല്‍കാന്‍ ഇന്ത്യ ആലോചിക്കുന്നുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം, ഇന്ത്യ ഈ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. റഷ്യ മുന്‍കൈയ്യെടുത്ത് സംഘടിപ്പിച്ച ചര്‍ച്ചയില്‍ പത്തുരാജ്യങ്ങള്‍ താലിബാനുമായി സംസാരിച്ചു. ചൈന, ഇറാന്‍, റഷ്യ, പാകിസ്താന്‍, കസാക്കിസ്താന്‍, കിര്‍ഗിസ്താന്‍, തുര്‍ക്കുമെനിസ്താന്‍, താജികിസ്താന്‍, ഉസ്ബെക്കിസ്താന്‍ എന്നീ രാജ്യങ്ങളും താലിബാനുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു. അയല്‍രാജ്യങ്ങള്‍ക്കെതിരായ ഭീകര പ്രവര്‍ത്തനത്തിന് അഫ്ഗാന്‍റെ മണ്ണ് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത രാജ്യങ്ങള്‍ക്ക് താലിബാന്‍ ഉറപ്പു നല്‍കി.