ന്യൂഡല്‍ഹി: രാജ്യസഭാംഗവും പ്രശസ്ത കായികതാരവുമായ പി.ടി. ഉഷ ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന്‍ പ്രസിഡന്‍റാകും.അധ്യക്ഷ സ്ഥാനത്തേക്ക് പി.ടി. ഉഷ മാത്രമാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ഇന്നയിരുന്നു പത്രിക സമര്‍പ്പിക്കേണ്ട അവസാനതിയ്യതി. എന്നാല്‍ മറ്റാരും പത്രിക സമര്‍പ്പിക്കാത്തതിനാല്‍ എതിരില്ലാതെ പി.ടി. ഉഷ ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന്‍ പ്രസിഡന്‍റ് സ്ഥാനത്തെത്തും.കേരളത്തില്‍ നിന്ന് ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന്‍ അധ്യക്ഷ സ്ഥാനത്ത് എത്തുന്ന ആദ്യ വ്യക്തിയാണ് പി.ടി. ഉഷ. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഡിസംബര്‍ പത്തിനാകും ഉണ്ടാകുക. വനിതകള്‍ക്കായി സംവരണം ചെയ്ത സീനിയര്‍ വൈസ് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, ജോയിന്‍റ് സെക്രട്ടറി, ജനറല്‍ കൗണ്‍സില്‍ സ്ഥാനങ്ങളിലേക്കും മത്സര മുണ്ടാകില്ല.പി.ടി. ഉഷയെ അഭിനന്ദിച്ചുകൊണ്ട് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ഐതിഹാസിക സുവര്‍ണ്ണ പെണ്‍കുട്ടി – പി.ടി. ഉഷക്ക് അഭിനന്ദനങ്ങള്‍. അസോസിയേഷന്‍റെ ഭാരവാഹികളായ രാജ്യത്തെ മറ്റ് കായിക താരങ്ങളെയും അഭിനന്ദിക്കുന്നതായും രാഷ്ട്രം അവരെയോര്‍ത്ത് അഭിമാനിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.സഹകായികതാരങ്ങളുടെ നിര്‍ലോഭമായ പ്രോല്‍സാഹനവും വിവിധ ദേശീയ ഫെഡറേഷനുകളുടെ പിന്തുണയും തനിക്കുണ്ടെ ന്നും വിജയം ഉറപ്പാണന്നും പി.ടി. ഉഷ നേരത്തെ പ്രതികരി ച്ചിരുന്നു. റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, ആര്‍ച്ചറി അസോസിയേഷന്‍, ഓള്‍ ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ അടക്കമുള്ള കായിക സംഘടനകളുടേയും വോട്ടവകാശമുള്ള ഭൂരിപക്ഷം കായികതാരങ്ങളുടേയും പിന്തുണ പി.ടി. ഉഷ ഉറപ്പിച്ചിരുന്നു.22 ദേശീയ സ്പോര്‍ട്സ് ഫെഡറേഷനുകളിലെ രണ്ടു വീതം വോട്ടര്‍മാരും എട്ട് പ്രശസ്ത കായിക താരങ്ങളും ഒരു അന്താരാഷ്ട്ര ഒളിംപിക്സ് കമ്മറ്റി അംഗവും രണ്ട് അത്ലറ്റ്സ് കമ്മീഷന്‍ പ്രതിനിധികളും അടക്കം 77 പേരാണ് അസോസിയേഷനിലെ വോട്ടര്‍മാര്‍. ഇതില്‍ 39 പേര്‍ സ്ത്രീകളും 38 പേര്‍ പുരുഷന്മാരുമാണ്. ഡിസംബര്‍ 10ന് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലാണ് ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ്.
