ഇന്ത്യന്‍സേന 70,000 കോടി രൂപയുടെ ആയുധങ്ങള്‍ കൂടി വാങ്ങുന്നു

Top News

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന് 70,000 കോടി രൂപയുടെ ആയുധങ്ങളും ഹെലികോപ്ടറുകളും വാങ്ങുന്നതിന് പ്രതിരോധ മന്ത്രാലയം അംഗീകാരം നല്‍കി.നാവികസേനക്കായി 60 യൂട്ടിലിറ്റി ഹെലികോപ്റ്ററുകള്‍, മറൈന്‍, ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകള്‍, കരസേനക്കായി 307 എ.ടി.എ.ജി.എസ് ഹോവിറ്റ്സര്‍, 9 എ.എല്‍.എച്ച് ധ്രുവ് ഹെലികോപ്ടറുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്‍റെ നേതൃത്വത്തിലുള്ള കൗണ്‍സില്‍ യോഗം നിര്‍ദേശങ്ങള്‍ക്ക് അംഗീകാരം നല്‍കി.
ഇന്ത്യന്‍ നാവികസേനയ്ക്ക് എച്ച്.എ.എല്ലില്‍ നിന്ന് 32,000 കോടി രൂപയുടെ 60 യു.എച്ച് മറൈന്‍ ഹെലികോപ്ടറുകള്‍ വാങ്ങുന്നതും കരാറില്‍ ഉള്‍പ്പെടുമെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്തത് ഇന്ത്യയാണെന്ന് സ്റ്റോക്ക് ഹോം ഇന്‍റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 2018 മുതല്‍ 2022 വരെയുള്ള കാലയളവിലായിരുന്നു ഇത്.2013-17ലും 2018-2022ലും റഷ്യയാണ് ഇന്ത്യയുടെ ഏറ്റവും വലിയ ആയുധ വിതരണക്കാര്‍. എന്നാല്‍, റഷ്യയുടെ ആയുധ ഇറക്കുമതി അളവ് 2018-2022 കാലയളവില്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 64 ശതമാനത്തില്‍നിന്ന് 45 ശതമാനമായാണ് റഷ്യയില്‍നിന്ന് ഇന്ത്യ ആയുധം വാങ്ങുന്നത് കുറഞ്ഞത്. റഷ്യ കഴിഞ്ഞാല്‍ ഫ്രാന്‍സില്‍ നിന്നാണ് ഇന്ത്യ കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്നത്, 29 ശതമാനം. 11 ശതമാനം അമേരിക്കയില്‍നിന്നുമാണ്.
ഈ രാജ്യങ്ങളില്‍നിന്നല്ലാതെ കഴിഞ്ഞ അഞ്ചു വര്‍ഷ കാലയളവില്‍ ഇസ്രായേല്‍, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍നിന്നും ഇന്ത്യ ആയുധങ്ങള്‍ വാങ്ങിയിട്ടുണ്ട്.പാകിസ്താനുമായും ചൈനയുമായുമുള്ള പ്രശ്നങ്ങള്‍ രൂക്ഷമായതോടെയാണ് ഇന്ത്യ കൂടുതല്‍ ആയുധങ്ങള്‍ വാങ്ങിയതെന്നാണ് സ്റ്റോക്ക്ഹോം ഇന്‍റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *