ഇന്ത്യക്ക് ഇന്നിംഗ്സ് തോല്‍വി

Sports

സെഞ്ചൂറിയന്‍:ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്സ് തോല്‍വി. 163 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് കടവുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 34.1 ഓവറില്‍ 131 റണ്‍സിന് ഓള്‍ ഔട്ടായി ഇന്നിംഗ്സിനും 32 റണ്‍സിനും തോറ്റു. 76 റണ്‍സെടുത്ത വിരാട് കോലി മാത്രമെ ഇന്ത്യക്കായി രണ്ടാം ഇന്നിംഗ്സില്‍ പൊരുതിയുള്ളൂ. സ്കോര്‍ ഇന്ത്യ 245,131, ദക്ഷിണാഫ്രിക്ക 408.
ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ 164 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സിലും തുടക്കം മുതല്‍ അടിതെറ്റി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ പൂജ്യത്തിന് മടങ്ങിയപ്പോള്‍ യശസ്വി ജയ്സ്വാള്‍ അഞ്ച് റണ്‍സെടുത്ത് പുറത്തായി. 13-2ലേക്ക് വീണതിന് പിന്നാലെ കോഹ്ലിയും ഗില്ലും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്ത് പ്രതീക്ഷ നല്‍കിയെങ്കിലും ഗില്ലിനെ(26)യും ശ്രേയസ് അയ്യരെ(6)യും വീഴ്ത്തിയ യാന്‍സന്‍ ഇന്ത്യയുടെ നടുവൊടിച്ചു. ആദ്യ ഇന്നിംഗ്സില്‍ സെഞ്ച്വറി നേടിയ കെ. എല്‍. രാഹുല്‍(4) പെട്ടെന്ന് പുറത്തായി.
ഒരറ്റത്ത് വിക്കറ്റുകള്‍ പൊഴിയുമ്പോഴും ഏകദിന ശൈലിയില്‍ ബാറ്റുവീശിയ വിരാട് കോഹ്ലി ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ പൊരുതിയെങ്കിലും പിന്തുണ നല്‍കാന്‍ ആരുമുണ്ടായില്ല. ദക്ഷിണാഫ്രിക്കക്കായി നാന്ദ്രെ ബര്‍ഗര്‍ നാലും മാര്‍ക്കോ യാന്‍സന്‍ മൂന്നും കാഗിസോ റബാഡ രണ്ടും വിക്കറ്റെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *