ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയം

Top News

ബെര്‍ത്ത് : ടി-20 ലോകകപ്പ് സൂപ്പര്‍ 12 ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. 5 വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ കീഴടക്കിയത്.ഇന്ത്യ മുന്നോട്ടുവച്ച 134 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക മറികടന്നു. 59 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ഡേവിഡ് മില്ലര്‍ ആണ് ദക്ഷിണാഫ്രിക്കയുടെ വിജയശില്പി. എയ്ഡന്‍ മാര്‍ക്രവും (52) ദക്ഷിണാഫ്രിക്കക്കായി തിളങ്ങി.
ഇന്ത്യയ്ക്ക് ലഭിച്ചതുപോലെ മോശം തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്കും ലഭിച്ചത്. ക്വിന്‍റണ്‍ ഡികോക്ക് (1), റൈലി റുസോ (0) എന്നിവരെ ഇന്നിംഗ്സിന്‍റെ രണ്ടാം ഓവറില്‍ തന്നെ അര്‍ഷ്ദീപ് സിംഗ് മടക്കി അയച്ചു. ഡികോക്കിനെ രാഹുല്‍ പിടികൂടിയപ്പോള്‍ റുസോ വിക്കറ്റിനു മുന്നില്‍ കുടുങ്ങി. ടെംബ ബാവുമ (10) മുഹമ്മദ് ഷമിയുടെ പന്തില്‍ ദിനേഷ് കാര്‍ത്തിക് പിടിച്ച് പുറത്തായി. 6 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സ് എന്ന നിലയില്‍ എയ്ഡന്‍ മാര്‍ക്രവും ഡേവിഡ് മില്ലറും ഒത്തുചേര്‍ന്നു. 66 റണ്‍സിന്‍റെ ഗെയിം ചേഞ്ചിംഗ് കൂട്ടുകെട്ടാണ് സഖ്യം പടുത്തുയര്‍ത്തിയത്. ഇതിനിടെ 38 പന്തില്‍ മാര്‍ക്രം ഫിഫ്റ്റി തികച്ചു. 16ആം ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യ ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 41 പന്തില്‍ 52 റണ്‍സെടുത്ത താരത്തെ സൂര്യകുമാര്‍ യാദവ് പിടികൂടുകയായിരുന്നു.
മാര്‍ക്രം മടങ്ങിയെങ്കിലും മികച്ച രീതിയില്‍ ബാറ്റ് ചെയ്ത എയ്ഡന്‍ മാര്‍ക്രം ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചു. ഇതിനിടെ അശ്വിന്‍റെ പന്തില്‍ ട്രിസ്റ്റന്‍ സ്റ്റബ്സ് (6) വിക്കറ്റിനു മുന്നില്‍ കുടുങ്ങി. എന്നാല്‍, അതിന് ദക്ഷിണാഫ്രിക്കയുടെ ജയം തടയാനായില്ല. 40 പന്തില്‍ ഫിഫ്റ്റി തികച്ച മില്ലര്‍ 46 പന്തില്‍ 59 റണ്‍സെടുത്ത് ദക്ഷിണാഫ്രിക്കയ്ക്ക് ജയം സമ്മാനിച്ചു.
ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 133 റണ്‍സ് ആണ് നേടിയത്. മുന്‍നിര തകര്‍ന്നടിഞ്ഞപ്പോള്‍ സൂര്യകുമാര്‍ യാദവിന്‍റെ ഒറ്റയാള്‍ പോരാട്ടം (40 പന്തില്‍ 68) ഇന്ത്യയെ മാന്യമായ സ്കോറിലെത്തിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കക്കായി ലുങ്കി എങ്കിഡി 4 വിക്കറ്റ് വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *