മോസ്കോ: ഇന്ത്യയിലും റഷ്യയിലുമുള്ള വിനോദസഞ്ചാരികള്‍ക്ക് വിസയില്ലാതെ ഇരു രാജ്യങ്ങളിലേക്കും യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കാന്‍ റഷ്യ. ഇത് സംബന്ധിച്ച് ഇന്ത്യയ്ക്ക് മുന്നില്‍ നിര്‍ദേശം സമര്‍പ്പിച്ചതായി റഷ്യന്‍ സാമ്പത്തിക വികസന മന്ത്രി മാക്സിം റെഷെത്നിക്കോവ് പറഞ്ഞു. അഞ്ച് പേരടങ്ങുന്ന സംഘത്തിനാണ് വിസയില്ലാതെ യാത്രാനുമതി നല്‍കുന്നത്. ചൈനയുമായി സമാനമായ ഒരു പദ്ധതി മോസ്കോ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും റെഷെത്നിക്കോവ് പറഞ്ഞു.
അടുത്തത് ഇന്ത്യയാണ്. ഞങ്ങള്‍ ഒരു നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ട്. തല്‍ക്കാലം അത് നയതന്ത്ര മാര്‍ഗങ്ങളിലൂടെയാണ് ചര്‍ച്ച ചെയ്യുന്നത്. ഞങ്ങള്‍ അതിനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും, അദ്ദേഹം റഷ്യ 24 ടിവിയോട് പറഞ്ഞു. യുക്രൈന്‍ സംഘര്‍ഷവും കൊവിഡും രാജ്യത്തേക്കുള്ള വിനോദസഞ്ചാരികളുടെ വരവിനെ ബാധിച്ചിട്ടുണ്ടെന്നും അത് പുനഃസ്ഥാപിക്കുക എന്ന വെല്ലുവിളി രാജ്യത്തെ ടൂറിസം വ്യവസായം നേരിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഓഗസ്റ്റ് ഒന്ന് മുതല്‍ ബിസിനസ് യാത്രകള്‍, വിനോദസഞ്ചാരം, എന്നിവയ്ക്കുള്ള യാത്രാനുമതി വേഗത്തില്‍ ലഭിക്കുന്നതിന് ഇ-വിസ റഷ്യ നല്‍കിയിരുന്നു. ഇന്ത്യ ഉള്‍പ്പടെ 52 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പുതിയ ഇ-വിസ സൗകര്യം പ്രയോജനപ്പെടുത്താന്‍ കഴിയും. വിനോദസഞ്ചാരികള്‍ക്ക് ഒരേസമയം 16 ദിവസം രാജ്യത്ത് തങ്ങാന്‍ കഴിയും. ചില രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഹോട്ടല്‍ റിസര്‍വേഷന്‍ നടത്തിയാല്‍ ആറ് മാസം വരെ ടൂറിസ്റ്റ് വിസ ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ സൗകര്യം ഡോക്യുമെന്‍റേഷന്‍ പ്രക്രിയയും പ്രോസസ്സിംഗ് സമയവും കുറയ്ക്കുകയും ചെയ്യും.
യുക്രൈനിലെ യുദ്ധം റഷ്യന്‍ വിനോദസഞ്ചാര മേഖലയെ ഏറെ ബാധിച്ചിരുന്നു. റഷ്യയിലേക്കുള്ള വിദേശ വിനോദസഞ്ചാരികളുടെ എണ്ണം 2021-ല്‍ 2,90,000 ആയിരുന്നത് 2022-ല്‍ 1,90,000 ആയി 40 ശതമാനം കുറഞ്ഞതായി മോസ്കോ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.