ഇനി ജ്വലിക്കുന്ന ഓര്‍മ്മ

Kerala

. ജനമനസ്സുകളില്‍ ഉമ്മന്‍ചാണ്ടി അനശ്വരന്‍
. സ്വന്തം ജീവിതം കൊണ്ട് കയ്യൊപ്പ് ചാര്‍ത്തി മറഞ്ഞ ജനകീയനേതാവ്

കോട്ടയം: ഒരു യുഗം അവസാനിച്ചു. കേരളം കണ്ടതില്‍ വച്ച് ഏറ്റവും ജനകീയനായ നേതാവ് ഉമ്മന്‍ചാണ്ടി ഇനി ജ്വലിക്കുന്ന ഒരു ഓര്‍മ്മ. പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളി സെമിത്തേരിയില്‍ പുതുപ്പള്ളിക്കാരുടെ,കേരളത്തിന്‍റെ കുഞ്ഞൂഞ്ഞ് അന്ത്യവിശ്രമം കൊണ്ടു. ഓരോ നിമിഷവും ജനങ്ങളെ ചുറ്റപ്പെട്ടു നിന്ന ആ ജീവിതത്തിനൊടുവില്‍ പള്ളി സെമിത്തേരിയിലെ പ്രത്യേക കല്ലറയില്‍ പ്രിയനേതാവ് നിത്യശാന്തിയില്‍ അലിഞ്ഞു. അര്‍ഹതപ്പെട്ട ഔദ്യോഗിക ബഹുമതി പോലും ഉപേക്ഷിച്ച് അദ്ദേഹം അന്ത്യനിദ്ര കൊണ്ടപ്പോള്‍ വിടപറഞ്ഞത് കേരളത്തിന്‍റെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പൊതുജീവിതത്തില്‍ കാരുണ്യത്തിന്‍റെ, നന്മയുടെ കയ്യൊപ്പ് ചാര്‍ത്തിയ രാഷ്ട്രീയക്കാരനും ഭരണകര്‍ത്താവും നാട്ടുകാരനും.
വ്യാഴാഴ്ച രാത്രിയില്‍ നടന്ന സംസ്കാര ചടങ്ങില്‍ ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ മുഖ്യകാര്‍മികത്വം വഹിച്ചു. 20 ബിഷപ്പുമാരും അനേകം പുരോഹിതന്‍മാരും സഹകാര്‍മികരായി. ജനങ്ങളുടെ മനസ്സില്‍ ഉമ്മന്‍ചാണ്ടി അനശ്വരനായി.
ആയിരങ്ങളാണ് പ്രിയ നേതാവിനെ ഒരു നോക്ക് കാണാന്‍ പള്ളിയിലും കാത്തുനിന്നത്. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി,കെ.സുധാകരന്‍, എ.കെ ആന്‍റണി, വി.ഡി.സതീശന്‍, രമേശ് ചെന്നിത്തല അടക്കമുള്ളവരും മന്ത്രിമാരും, ജോസ്.കെ.മാണി, പി.കെ.കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളും പള്ളിയിലെത്തി.
ജനസാഗരത്തിന്‍റെ അന്ത്യോപചാരം സ്വീകരിച്ച് വിലാപയാത്ര ഇന്നലെ വൈകുന്നേരം 6.30 ഓടെയാണ് പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ വീട്ടിലെത്തിയത്.
നേരത്തെ നിശ്ചയിച്ച സമയത്തിനും 24 മണിക്കൂര്‍ വൈകിയാണ് ഇവിടെ എത്തിയത്. വന്‍ ജനാവലിയാണ് സ്വന്തം തട്ടകത്തില്‍ ഉമ്മന്‍ ചാണ്ടിയെ ഒരു നോക്ക് കാണാന്‍ തടിച്ചുകൂടിയത്.
ഉമ്മന്‍ ചാണ്ടിയെന്ന രാഷ്ട്രീയ നേതാവിനെ ഹൃദയത്തില്‍ കൂടിയിരുത്തിയ പുതുപ്പളളിയിലെ നാട്ടുകാര്‍ നല്‍കിയ വിടവാങ്ങല്‍ ഏറെ വികാരനിര്‍ഭരമായി.പുതുപ്പള്ളി കവലയില്‍നിന്നും ഏതാനും മീറ്ററുകള്‍ മാത്രം ദൂരമുള്ള വീട്ടിലേക്ക് അരമണിക്കൂറോളം സമയമെടുത്താണ് മൃതദേഹം എത്തിക്കാനായത്.
വിലാപയാത്ര വീട്ടില്‍ എത്തിയയുടന്‍ സംസ്കാര ശുശ്രുഷകള്‍ ആരംഭിച്ചു. തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇനി ആ തറവാട്ടുവീട്ടില്‍ നാട്ടുകാരുടെ സ്വന്തം കുഞ്ഞൂഞ്ഞ് ഇല്ല എന്നത് ഉള്‍ക്കൊള്ളാനാകാത്ത അവസ്ഥയിലായിരുന്നു പുതുപ്പള്ളിക്കാര്‍ .ഇതിനുശേഷം ഉമ്മന്‍ ചാണ്ടിയുടെ
പണി പൂര്‍ത്തിയാവാത്ത വീട്ടിലും പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്നാണ് പുതുപ്പള്ളി പള്ളിയിലേക്ക് കൊണ്ടുപോയത്.
കോട്ടയത്തിന്‍റെ മണ്ണില്‍ തിരുനക്കരയില്‍ വിലാപയാത്ര എത്തിയപ്പോള്‍ സമയം ഇന്നലെ രാവിലെ 11 മണി കഴിഞ്ഞിരുന്നു. 12 മണിക്കൂര്‍ കൊണ്ട് തിരുനക്കരയുടെ മണ്ണിലെത്താമെന്ന് കണക്കുകൂട്ടിയ യാത്ര വഴിനീളെയുണ്ടായ ജനപ്രവാഹത്താല്‍ സാവധാനത്തിലായി. 28 മണിക്കൂറെടുത്തു.
വിലാപയാത്ര എത്തുന്നതിന് മണിക്കൂറുകള്‍ മുന്നെ തിരുനക്കര ജനനിബിഡമായിരുന്നു.
അണമുറിയാത്ത ജനപ്രവഹമാണ് കോട്ടയം തിരുനക്കര മൈതാനിയിലേക്ക് ഒഴുകിയെത്തിയത്. മുദ്രാവാക്യം വിളികളുമായി പതിനായിരങ്ങള്‍ പ്രിയനേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസ്, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, സംസ്ഥാന മന്ത്രിമാര്‍, സിനിമാ താരങ്ങളായ മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, രാഷ്ട്രീയ, സാംസ്കാരിക, സാമൂഹ്യ രംഗത്തെ പ്രമുഖര്‍ തുടങ്ങി സമൂഹത്തിന്‍റെ നാനാതുറയിലുള്ളവരുള്‍പ്പെടെ കോട്ടയത്തെ വന്‍ ജനസഞ്ചയം അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തി.
തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസില്‍നിന്ന് ബുധനാഴ്ച രാവിലെ ഏഴേകാലോടെ ആരംഭിച്ച വിലാപയാത്ര ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് തിരുവനന്തപുരം വിട്ട് കൊല്ലം ജില്ലയില്‍ പ്രവേശിച്ചത്. രാത്രി എട്ടരയോടെയാണ് പത്തനംതിട്ട ജില്ലയിലെ ഏനാത്തേക്കു കടന്നത്. പത്തനംതിട്ട ജില്ലയില്‍ കടന്നത് രാത്രി ഒന്‍പതോടെ. 11.30ന് അടൂരിലും വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ പന്തളത്തും എത്തിയപ്പോള്‍ വാഹനങ്ങള്‍ക്കു നീങ്ങാന്‍ കഴിയാത്ത വിധം ആള്‍ക്കൂട്ടം. മൂന്നു മണിയോടെ ചെങ്ങന്നൂരിലെത്തുമ്പോള്‍ വന്‍ ജനപ്രവാഹം. തിരുവല്ലയിലും ജനസഞ്ചയം. കോട്ടയം ജില്ലയിലേക്കു കടന്നപ്പോള്‍ ജനസമുദ്രം.

Leave a Reply

Your email address will not be published. Required fields are marked *