ഇനി കൗമാരകലാമേളയുടെ അഞ്ച് ദിനരാത്രങ്ങള്‍

Kerala

.സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു

കൊല്ലം: 62-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു. ആശ്രാമം മൈതാനത്തെ മുഖ്യവേദിയിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. കലോത്സവം കുട്ടികളുടേതാണെന്നും രക്ഷിതാക്കള്‍ തമ്മില്‍ മത്സരിക്കരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
കല പോയിന്‍റ് നേടാനുള്ളൊരു ഉപാധിയല്ല. ആ രീതി ഉപേക്ഷിക്കണം. കലാവാസനയുള്ള കുട്ടികള്‍ക്ക് സാംസ്കാരിക പരിസ്ഥിതി സൃഷ്ടിക്കണം. കലപ്രവര്‍ത്തനം തുടരാന്‍ സാമ്പത്തികമായി പിന്നോട്ടു നില്‍ക്കുന്നവരെ മുന്നോട്ടുവരാനായി പ്രോത്സാഹിപ്പിക്കണം. ലഹരികളില്‍ കുഞ്ഞുങ്ങള്‍ അകപ്പെടുന്നതില്‍ നിന്ന് സംരക്ഷിക്കണം. അതിനോടൊപ്പം തന്നെ അത്തരത്തില്‍ അകപ്പെട്ട് പോയ കുട്ടികളെ പുറത്തുകൊണ്ട് വരണം. പല കലാരൂപങ്ങളും ഇന്ന് സജീവമായി നിലനില്‍ക്കുന്നതില്‍ സ്കൂള്‍ കലോത്സവങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഗോത്രകലകള്‍ അരങ്ങേറുന്നു എന്ന സവിശേഷത കൂടി ഇത്തവണത്തെ കലോത്സവത്തിനുണ്ട്. ഇതിനൊരു തുടക്കമായാണ് ഉദ്ഘാടന ചടങ്ങില്‍ തന്നെ മംഗലക്കളി അവതരിപ്പിച്ചത്. അടുത്തവര്‍ഷം മുതല്‍ ഗോത്രകല ഉള്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കും.മുഖ്യമന്ത്രി പറഞ്ഞു.
നടിയും നര്‍ത്തകിയുമായ ആശാ ശരത്തിന്‍റെ നേതൃത്വത്തില്‍ സ്വാഗത ഗാനത്തിന്‍റെ ദൃശ്യാവിഷ്കാരം അരങ്ങേറി. പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.എന്‍.ബാലഗോപാല്‍, കെ.രാജന്‍, കെ.ബി.ഗണേഷ്കുമാര്‍, ജെ.ചിഞ്ചുറാണി എന്നിവരും എന്‍ കെ പ്രേമചന്ദ്രന്‍ എംപി, മുകേഷ്, എംഎല്‍എ എന്നിവരും പങ്കെടുത്തു. നടി നിഖില വിമല്‍ മുഖ്യാഥിതിയായിരുന്നു.
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ ഒന്നാം ദിനം കോഴിക്കോടും തൃശൂരും കണ്ണൂരും തമ്മില്‍ കടുത്ത മത്സരമാണ് അരങ്ങേറുന്നത്. കൊല്ലം, പാലക്കാട്, മലപ്പുറം ജില്ലകള്‍ തൊട്ടുപിന്നിലുണ്ട്. . ഒന്നാം ദിനം 59 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
സംസ്ഥാന കലോത്സവത്തിന്‍റെ ഫലം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ശേഷം ഒരു മണിക്കൂറാണ് ഹയര്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി

Leave a Reply

Your email address will not be published. Required fields are marked *