ഇതിഹാസതാരം
ദിലീപ് കുമാര്‍ അന്തരിച്ചു

India Kerala

മുംബൈ: ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാര്‍ (98) അന്തരിച്ചു. ന്യുമോണിയയെത്തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് അദ്ദേഹം ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ഭാര്യ: സൈറ ബാനു.
ആറു ദശാബ്ദത്തോളം വെള്ളിത്തിരയില്‍ വിസ്മയം തീര്‍ത്ത അതുല്യ പ്രതിഭയാണ് വിടവാങ്ങിയത്. യൂസഫ് ഖാനാണ് ദിലീപ് കുമാര്‍ എന്ന പേരില്‍ ബോളിവുഡിന്‍റെ സുവര്‍ണ കാലഘട്ടത്തെ മുന്നോട്ടു നയിച്ചത്. ആറു പതിറ്റാണ്ടായി സിനിമയിലുണ്ടായിരുന്ന അദ്ദേഹം 62 സിനിമകളിലാണ് അഭിനയിച്ചത്. 1922 സിസംബറില്‍ പാക്കിസ്ഥാനിലെ പെഷവാറില്‍ ലാല ഗുലാം സര്‍വാര്‍ ഖാന്‍റെ 12 മക്കളിലൊരാളായാണ് മുഹമ്മദ് യൂസഫ് ഖാന്‍ ജനിച്ചത്.
പഴക്കച്ചവടക്കാരനായ അച്ഛനൊപ്പം എട്ടാം വയസില്‍ മുഹമ്മദ് മുംബൈയിലെത്തി. 1944ല്‍ ദേവിക റാണി നിര്‍മിച്ച ജ്വാര്‍ ഭട്ട എന്ന സിനിമയില്‍ നായകനായി ദിലീപ് കുമാര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു.
പ്രശസ്ത ഹിന്ദി സാഹിത്യകാരന്‍ ഭഗവതി ചരണ്‍ വര്‍മയാണ് മുഹമ്മദ് യൂസഫ് ഖാന്‍റെ പേര് ദിലീപ് കുമാര്‍ എന്നാക്കിയത്. നയാ ദൗര്‍, മുഗള്‍ ഇ ആസാം, ദേവ്ദാസ്, റാം ഔര്‍ ശ്യാം, അന്‍ഡാസ്, മധുമതി, ഗംഗാ യമുന തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകള്‍. 1998ല്‍ പുറത്തിറങ്ങിയ ‘ക്വില’ ആണ് അവസാന ചിത്രം.
രാജ്യത്തെ പരമോന്നത ബഹുമതികളില്‍ പലതും അദ്ദേഹത്തെ തേടിയെത്തി. 1991ല്‍ പത്മഭൂഷന്‍ സല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1994ല്‍ ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡും ദിലീപ് കുമാറിന് ലഭിച്ചു. 2015ല്‍ പത്മവിഭൂഷന്‍ നല്‍കിയും രാജ്യം ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *