. ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട ഉത്തരവാണ് മുഖ്യമന്ത്രി പുറത്തിറക്കിയത്
ന്യൂഡല്‍ഹി: ഇഡി കസ്റ്റഡിയിലും ഡല്‍ഹിയില്‍ ഭരണം തുടര്‍ന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട ഉത്തരവാണ് മുഖ്യമന്ത്രി പുറത്തിറക്കിയത്. മന്ത്രി അതിഷിക്കാണ് മുഖ്യമന്ത്രി ഇതുസംബന്ധിച്ച നിര്‍ദേശം കൈമാറിയത്.
ഇഡി കസ്റ്റഡിയില്‍ കഴിയവെ അരവിന്ദ് കേജരിവാള്‍ ഇറക്കിയ ആദ്യ ഉത്തരവാണിത്. തലസ്ഥാന നഗരത്തിലെ ജലദൗര്‍ലഭ്യമാണ് കത്തില്‍ സൂചിപ്പിച്ചതെന്നും, ജലദൗര്‍ലഭ്യം നേരിടുന്ന പ്രദേശങ്ങളില്‍ ടാങ്കറുകളില്‍ കുടിവെള്ളം എത്തിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചതായി മന്ത്രി അതിഷി വ്യക്തമാക്കി. ഡല്‍ഹിയിലെ ജനങ്ങള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നും കേജരിവാളിനെ തടയാനാകില്ലെന്ന് മന്ത്രി അതിഷി അഭിപ്രായപ്പെട്ടു.
അതേസമയം മദ്യനയക്കേസില്‍ ഇഡി കസ്റ്റഡിയിലിരിക്കുന്ന കേജരിവാള്‍ പുറപ്പെടുവിച്ചതെന്ന അവകാശ വാദവുമായി എഎപി സര്‍ക്കാര്‍ പുറത്തുവിട്ട ഉത്തരവ് വ്യാജമെന്ന് ബി.ജെ.പി. ഡല്‍ഹിയിലെ ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവ് വ്യാജമെന്നാണ് ബി.ജെ.പിയുടെ ആരോപണം. ജലവിഭവ വകുപ്പ് മന്ത്രി അതിഷി മര്‍ലേനയ്ക്ക് നല്‍കിയ കത്താണ് വിവാദമായിരിക്കുന്നത്. ഇതിനിടെ ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസ് ഭരണഘടനാ വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി മജീന്ദര്‍ സിംഗ് സര്‍സ ആരോപിച്ചു.മുഖ്യമന്ത്രിയുമായി ബന്ധപ്പെടാതെ എങ്ങനെയാണ് ഉത്തരവിറക്കുക എന്ന് ചോദിച്ച സര്‍സ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടു.
മദ്യനയക്കേസില്‍ അറസ്റ്റിലായ അരവിന്ദ് കേജരിവാളിനെ ഈ മാസം 28 വരെയാണ് ഡല്‍ഹി റോസ് അവന്യൂ കോടതി ഇഡി കസ്റ്റഡിയില്‍ വിട്ടത്. ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അറസ്റ്റിലായ ബിആര്‍എസ് നേതാവ് കെ.കവിതയെയും കേജരിവാളിനെയും ഒന്നിച്ചിരുത്തിയാണ് ചോദ്യം ചെയ്യുന്നത്.