ഇടുക്കിയില്‍ മഴക്ക് ശമനം

Latest News
  • പുഴകളിലും അണക്കെട്ടിലും ജലനിരപ്പ് ഉയര്‍ന്നുതന്നെ
  • മൂന്ന് വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി

തൊടുപുഴ: ജില്ലയില്‍ മഴക്ക് ശമനമുണ്ടായെങ്കിലും അണക്കെട്ടുകളിലും പുഴകളിലും ജലനിരപ്പ് ഉയര്‍ന്ന് തന്നെ. ഒരു ദിവസം തന്നെ കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് വൃഷ്ടിപ്രദേശങ്ങളില്‍നിന്ന് അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്. മഴ കുറഞ്ഞെങ്കിലും ജാഗ്രത പാലിക്കണമെന്നാണ് ജില്ല ഭരണകൂടം നല്‍കുന്ന നിര്‍ദേശം.െ ചറുതും വലുതുമായ മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശങ്ങളില്‍ ഗതാഗതവും വൈദ്യുതിയുമടക്കം പുനഃസ്ഥാപിച്ചു വരുകയാണ്. വെള്ളം കയറിയ താഴ്ന്ന സ്ഥലങ്ങളിലും ഞായറാഴ്ച രാവിലെ തന്നെ വെള്ളം ഇറങ്ങിയത് ആശ്വാസമായി. പുഴയോട് ചേര്‍ന്ന പലസ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
ജില്ലയില്‍ രാത്രി യാത്ര നിരോധനം തുടരുകയാണ്. ഞായറാഴ്ച പുലര്‍ച്ചയും രണ്ട് മണിക്കൂറോളും മഴ ശക്തമായി പെയ്തെങ്കിലും മറ്റ് അനിഷ്ടസംഭവങ്ങളൊന്നും ജില്ലയില്‍ റിപോര്‍ട്ട് ചെയ്തിട്ടില്ല. വിവിധ ഭാഗങ്ങളില്‍ മണ്ണിടിച്ചില്‍ ഭീതി നിലനില്‍ക്കുന്നുണ്ട്. ശനിയാഴ്ചയുണ്ടായ മഴയില്‍ പലയിടങ്ങളിലും വ്യാപക കൃഷി നാശമാണ് ഉണ്ടായത്. രണ്ടു ദിവസത്തേക്ക് കനത്ത മഴയുണ്ടാവില്ലെന്നാണ് കാലാവസ്ഥ വകുപ്പിന്‍െറ നിരീക്ഷണം. അതേസമയം 20, 21 തീയതികളില്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ യെലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ണിടിച്ചില്‍ ഭീതിയെത്തുടര്‍ന്ന് വെള്ളിയാമറ്റം മേഖലയില്‍നിന്ന് കൂടുതല്‍ പേര്‍ ദുരിതാശ്വാസ ക്യാമ്പില്‍ എത്തിയതായി തൊടുപുഴ തഹസില്‍ദാര്‍ പറഞ്ഞു. അതത് വില്ലേജ് ഓഫിസര്‍മാരും പഞ്ചായത്ത് അധികൃതരും ദുരന്തബാധിത മേഖലകളിലെത്തി നാശനഷ്ടങ്ങളുടെ വിലയിരുത്തലും കണക്കെടുപ്പും നടത്തുന്നുണ്ട്.
്യു ഉരുള്‍പൊട്ടലുണ്ടായ കൊക്കയാറില്‍ കാണാതായ മൂന്ന് വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി. പ്രദേശത്തെ ഷാഹുല്‍ എന്നയാളുടെ മകന്‍ സച്ചു ഷാഹുലിന്‍റെ മൃതദേഹമാണ് തകര്‍ന്ന വീടിന് സമീപത്ത് നിന്നും കണ്ടെത്തിയത്.
ഇതോടെ കൊക്കയാറില്‍ കാണാതായ മുഴുവന്‍ പേരെടുയും മൃതദേഹം കണ്ടെത്തി. ഇവിടെ തിരച്ചില്‍ അവസാനിപ്പിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഇതോടെ ഇടുക്കി, കോട്ടയം ജില്ലകളിലുണ്ടായ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 27 ആയി. കൊക്കയാറില്‍ മാത്രം ഏഴ് മൃതദേഹം കണ്ടെത്തി. കോട്ടയം കുട്ടിക്കലിലെ ഉരുള്‍പൊട്ടല്‍ പ്രദേശങ്ങളില്‍ ഇപ്പോഴും തിരച്ചില്‍ നടക്കുകയാണ്.
കനത്ത മഴയെത്തുടര്‍ന്നും ഉരുള്‍പൊട്ടിയുമുണ്ടായ പ്രളയം കോട്ടയം, ഇടുക്കി ജില്ലകള്‍ക്ക് സമ്മാനിച്ചത് വന്‍ ദുരന്തമാണ്. വെള്ളം ഇറങ്ങിയ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ദുരന്തത്തിന്‍റെ വ്യാപതി വ്യക്തമായത്.
പ്രളയക്കെടുതി സംബന്ധിച്ച ഔദ്യോഗിക കണക്കുകള്‍ പുരോഗമിക്കുകയാണെങ്കിലും നാട്ടുകാര്‍ നല്‍കിയ വിവരം പ്രകാരം കോട്ടയം, ഇടുക്കി ജില്ലകളിലായി 247 വീടുകള്‍ തകര്‍ന്നു. കോട്ടയത്ത് മാത്രം 223 വീടുകള്‍ തകര്‍ന്നതായാണ് വിവരം. ഇടുക്കിയില്‍ 24 വീടുകളും പൂര്‍ണമായും നിരവധി വീടുകള്‍ ഭാഗീകമായും തകര്‍ന്നു.ലക്ഷക്കണക്കിന് രൂപയുടെ വീട്ടുപകരണങ്ങള്‍, വാഹനങ്ങള്‍, സ്വര്‍ണം, പണം തുടങ്ങിയ ഒരായുസ്സിന്‍റെ സമ്പാദ്യം പലര്‍ക്കും നഷ്ടപ്പെട്ടു. മണിമലയാറിന്‍റെ തീരത്താണ് വീടുകള്‍ കൂട്ടത്തോടെ ഒലിച്ചുപോയത്. മുണ്ടക്കയത്ത് 53 വീടുകള്‍ നിലംപൊത്തി. കാഞ്ഞിരപ്പള്ളി താലൂക്കി സ്ഥിതി പരിതാപകരമാണ്. മലപ്പള്ളി വെണ്ണിക്കുളം റോഡിന്‍റെ തീരഭാഗം വലിയ തോതില്‍ മണിമലയാര്‍ എടുത്തതായാണ് വിവരം.ഇടുക്കി മൂലമറ്റം താഴ്വാരം കോളനി റോഡില്‍ പുഴ ഗതിമാറി ഒഴുകിയാണ് വീടുകള്‍ക്കും മറ്റ് സമ്പാദ്യങ്ങള്‍ക്കും നാശം വിതച്ചത്. അപകട മേഖലകളിലെല്ലാം താമസിക്കുന്നവര്‍ ഏറെയും സാധാരണ ജനങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *