ഇടുക്കി: ഇടുക്കി സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ഈ വര്‍ഷം തന്നെ ഭൂ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ഇതിനായി 1964 ലെയും 93 ലെയും ഭൂമി പതിവ് ചട്ടങ്ങള്‍ ഭേദഗതി വരുത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇടുക്കിയിലെ ഭൂ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും നിര്‍മ്മാണ നിരോധനം നീക്കുന്നതിലും സര്‍ക്കാര്‍ മെല്ലെപ്പോക്ക് തുടരുന്നു എന്നാരോപിച്ച് സമരം ശക്തമാക്കാന്‍ വിവിധ സംഘടകള്‍ തീരുമാനിച്ചതോടെയാണ് റവന്യൂ മന്ത്രിയുടെ പ്രഖ്യാപനം. നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി അയ്യായിരം പട്ടയങ്ങള്‍ നല്‍കാന്‍ സ്പെഷ്യല്‍ ഡ്രൈവ് നടത്തും. ഇതിനായി കൂടുതല്‍ ജീവനക്കാരെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. താലൂക്ക് ഭൂമി പതിവ് കമ്മിറ്റികള്‍ അംഗീകരിച്ചിട്ടുള്ള 2594 പട്ടയങ്ങളും സര്‍വ്വേയുള്‍പ്പടെ പൂര്‍ത്തിയാക്കി ഭൂമി പതിവ് കമ്മിറ്റികളുടെ അംഗീകാരത്തിന് സമര്‍പ്പിച്ചിട്ടുള്ള 2089 പട്ടയങ്ങളും ഇതിലുള്‍പ്പെടുത്തും. 38,000 ത്തിലധികം അപേക്ഷകരാണ് ഇടുക്കിയില്‍ പട്ടയത്തിനായി കാത്തിരിക്കുന്നത്. അണക്കെട്ടുകളുടെ പത്ത് ചെയിന്‍ പ്രദേശങ്ങളിലും ഈ വര്‍ഷം പട്ടയം നല്‍കും. സര്‍ക്കാരിന്‍റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി 563 പട്ടയങ്ങള്‍ മന്ത്രി ഇടുക്കിയില്‍ വിതരണം ചെയ്തു. ആനവിരട്ടി, ഉപ്പുതോട്, കഞ്ഞിക്കുഴി, തങ്കമണി എന്നീ സ്മാര്‍ട്ട് വില്ലേജുകളുടെയും ഉടുമ്പന്‍ചോല താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്‍ററിന്‍റെയും ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.