.ആദായനികുതി പരിധിയിലും സ്ലാബുകളിലും മാറ്റമില്ല
. ജി എസ് ടി നടപടികള്‍ ലഘൂകരിച്ചു
.2047 ല്‍ വികസിത ഭാരതം
.വിനോദസഞ്ചാര മേഖലയില്‍ കൂടുതല്‍ നിക്ഷേപം, ലക്ഷദ്വീപിന് പ്രത്യേക പരിഗണന
.കൂടുതല്‍ വിമാനത്താവളങ്ങള്‍
.പുതിയ റെയില്‍വേ ഇടനാഴി
.40000 ബോഗികള്‍ വന്ദേഭാരത് നിലവാരത്തില്‍
.കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍
. 80 കോടി ജനങ്ങള്‍ക്ക് സൗജന്യറേഷന്‍
.ജനസംഖ്യ വര്‍ദ്ധനവ് പഠിക്കാന്‍ സമിതി
.അഞ്ച് ഇന്‍റര്‍ഗ്രേറ്റഡ് മത്സ്യപാര്‍ക്കുകള്‍
.ഒരുകോടി വീടുകളില്‍ സോളാര്‍ പദ്ധതികള്‍
.അങ്കണവാടി ജീവനക്കാര്‍ക്കും ആശാ വര്‍ക്കര്‍മാര്‍ക്കും ആയുഷ്മാന്‍ ഭാരത്പദ്ധതി
.35 ലക്ഷം തൊഴിലവസരങ്ങള്‍ ഉടന്‍ യാഥാര്‍ഥ്യമാക്കും
.മത്സ്യമേഖലയില്‍ 55 ലക്ഷം തൊഴിലവസര ങ്ങള്‍ സൃഷ്ടിക്കും
.യുവാക്കള്‍ക്ക് പലിശരഹിത വായ്പ നല്‍കാനായി ഒരു ലക്ഷം കോടിയുടെ ഫണ്ട്
.ഇലക്ട്രിക് വാഹനവിപണി വിപുലമാക്കും
. ഇലക്ട്രിക് ബസുകള്‍ പ്രോത്സാഹിപ്പിക്കും
ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ അവസാന ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചു.ഇടക്കാല ബജറ്റ് പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ ധനമന്ത്രി എണ്ണിപ്പറഞ്ഞു. വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചില്ല.ആദായ നികുതിപരിധിയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. നിലവിലുള്ള നിരക്കുകള്‍ തുടരും. പ്രത്യക്ഷ, പരോക്ഷ നികുതികളിലും ഇറക്കുമതി തീരുവകളിലും മാറ്റമില്ല. 2047ഓടെ വികസിത ഭാരതമെന്നതാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി വീണ്ടും അധികാരത്തില്‍ വരുമെന്ന തികഞ്ഞ പ്രതീക്ഷയിലാണെന്നും ധനമന്ത്രി വ്യക്തമാക്കി.
വനിതകള്‍ക്കും യുവാക്കള്‍ക്കും പ്രത്യേക പ്രധാന്യം നല്‍കുന്ന പദ്ധതികള്‍ നടപ്പാക്കും. രാജ്യത്തിന്‍റെ കിഴക്കന്‍ മേഖലയുടെ വികസനത്തിനായി പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കും. സംസ്ഥാനങ്ങള്‍ക്ക് പലിശരഹിത വായ്പ നല്‍കും. ജനസംഖ്യാ വര്‍ദ്ധനവും ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രശ്നങ്ങളും പഠിക്കാന്‍ ഉന്നതതലസമിതി രൂപീകരിക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്കും നിക്ഷേപങ്ങള്‍ക്കും നികുതിയിളവ് നല്‍കും. ക്ഷീര കര്‍ഷകരുടെ ക്ഷേമത്തിന് പുതിയ പദ്ധതികള്‍ ആവിഷ്കരിക്കും. സമുദ്ര ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കുകയും മത്സ്യ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.അഞ്ച് ഇന്‍റഗ്രേറ്റഡ് മത്സ്യപാര്‍ക്കുകള്‍ സ്ഥാപിക്കും. ലക്ഷദ്വീപില്‍ ഉള്‍പ്പെടെ ടൂറിസം വികസനത്തിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കും.
ആശാവര്‍ക്കര്‍മാരെയും അങ്കണവാടി ജീവനക്കാരെയും ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. കേരളത്തിലെ 89,000 വരുന്ന ആശാ വര്‍ക്കര്‍മാര്‍ക്കും അങ്കണവാടി ജീവനക്കാര്‍ക്കും പദ്ധതി പ്രയോജനകരമാകും. വന്ദേഭാരതിന്‍റെ അതേ നിലവാരത്തിലേക്കു 40,000 സാധാരണ ട്രെയിന്‍ കോച്ചുകളെ മാറ്റും. രാജ്യത്തെ വിമാനത്താവളങ്ങള്‍ 149 എണ്ണമായി ഉയര്‍ത്തും. പിഎം ഗതിശക്തി പദ്ധതിയുടെ ഭാഗമായി മൂന്ന് സാമ്പത്തിക റെയില്‍വേ ഇടനാഴി നടപ്പാക്കും. ചരക്കുകടത്ത് ഫലപ്രദമാക്കാനും ചെലവ് കുറയ്ക്കാനും ഇവ സഹായിക്കും. ഊര്‍ജം, ധാതുക്കള്‍, സിമന്‍റ്, പോര്‍ട്ട് കണക്ടിവിറ്റി, ഗതാഗതം തുടങ്ങിയവയ്ക്കു പ്രാധാന്യം നല്‍കിയാണ് ഇടനാഴികള്‍ നിര്‍മ്മിക്കുക.
പ്രതിരോധ മേഖലയ്ക്കുള്ള വിഹിതം വര്‍ദ്ധിപ്പിക്കും. പ്രതിരോധ ചെലവ് 11.1% വര്‍ദ്ധിപ്പിച്ച് 11,11,111 കോടി രൂപയാവും. ഇത് ജിഡിപിയുടെ 3.4% വരുമെന്നും നിര്‍മ്മല സീതാരാമന്‍ വ്യക്തമാാക്കി. വിവിധ വകുപ്പുകളുടെ കീഴില്‍ നിലവിലുള്ള മെഡിക്കല്‍ അടിസ്ഥാന സൗകര്യം ഉപയോഗപ്പെടുത്തി കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയിടും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രണ്ട് കോടി വീടുകളുടെ നിര്‍മ്മാണം ഏറ്റെടുത്ത് നടപ്പിലാക്കുമെന്നും നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു. രാഷ്ട്രീയ ഗോകുല്‍ മിഷന്‍ വഴി പാല്‍ ഉല്‍പ്പാദനം കൂട്ടും.
പ്രധാനമന്ത്രി മുദ്രയോജന പദ്ധതി വഴി 43 കോടി രൂപ വായ്പ അനുവദിച്ചു. ഇതില്‍ 22.5 ലക്ഷം കോടി രൂപ യുവാക്കളുടെ സംരംഭകത്വത്തിനായി നല്‍കി. ഫണ്ട് ഓഫ് ഫണ്ട്, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ക്രെഡിറ്റ് ഗ്യാരണ്ടി സ്കീമുകള്‍ എന്നിവ യുവാക്കളെ സഹായിക്കുന്നതാണ്. സ്കില്‍ ഇന്ത്യാ മിഷന്‍ വഴി 1.4 കോടി യുവാക്കള്‍ക്ക് പരിശീലനം നല്‍കി. 54 ലക്ഷം യുവാക്കള്‍ നൈപുണ്യവും പുനര്‍-നൈപുണ്യവും നേടി, 3000 പുതിയ ഐടിഐകള്‍ സ്ഥാപിച്ചു. 7 ഐഐടികള്‍, 16 ഐഐഐടികള്‍, 7 ഐഐഎമ്മുകള്‍, 15 എയിംസ്, 390 സര്‍വകലാശാലകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുമെന്നും ധനകാര്യ മന്ത്രി പറഞ്ഞു.
വിനോദ സഞ്ചാര മേഖലയില്‍ സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കും. ആത്മീയ ടൂറിസം കൂടുന്നത് പ്രാദേശികമായി വലിയ അവസരം തുറക്കും. സംസ്ഥാനങ്ങളെ ടൂറിസം വികസനത്തിന് പ്രോത്സാഹിപ്പിക്കും.