തിരുവനന്തപുരം : സംരക്ഷിത വനങ്ങളുടെ അതിര്‍ത്തിയിലെ ഇക്കോ സെന്‍സിറ്റിവ് സോണുകള്‍ നിര്‍ണയിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ഇക്കോ സെന്‍സിറ്റിവ് സോണുകള്‍ നിശ്ചയിക്കുമ്പോള്‍ ജനവാസ മേഖലകളെ ഒഴിവാക്കിയുള്ള ഇളവ് ലഭ്യമാക്കുന്നതിനു സമര്‍പ്പിക്കുന്നതിനായി തദ്ദേശവാസികളുടെ ആശങ്ക പരിഹരിച്ച് കുറ്റമറ്റ രീതിയില്‍ വിവരശേഖരണം നടപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
ജനവാസകേന്ദ്രങ്ങളെയും നിര്‍മ്മിതികളെയും ഒഴിവാക്കിക്കൊണ്ട് പൂജ്യം മുതല്‍ ഒരു കീലോമീറ്റര്‍ പരിധിയില്‍ സംരക്ഷിത വനത്തിന് ചുറ്റുമുള്ള ബഫര്‍സോണ്‍ ഭൂപടത്തിന്‍റെ കരട് ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ട് വനം-വന്യജീവി വകുപ്പ് ഇതിനകം തയാറാക്കിയിട്ടുണ്ട്. ഈ കരട് ഭൂപടവും കേരള സര്‍ക്കാരിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ കരട് ഭൂപടത്തില്‍ ഏതൊക്കെ സര്‍വേ നമ്പറുകള്‍ ഉള്‍പ്പെടുമെന്ന വിവരം ഒരാഴ്ചയോടെ വെബ് സൈറ്റില്‍ ലഭ്യമാക്കും.