വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്ബരയിലെ രണ്ടാം മത്സരത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും. വിശാഖപട്ടണത്തെ എ.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.പരമ്പരയിലെ ആദ്യ മത്സരത്തില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങേണ്ടി വന്നതില്‍ നിന്ന് തിരിച്ചടി നല്‍കി പരമ്പരയില്‍ ഒപ്പമെത്തനാകും രോഹിത് ശര്‍മ്മയും സംഘവും ലക്ഷ്യമിടുക.
ഹൈദരാബാദില്‍ നടന്ന ആദ്യ മത്സരത്തില്‍ 190 റണ്‍സിന്‍റെ ഒന്നാമിന്നിംഗ്സ് ലീഡ് നേടിയ ശേഷമായിരുന്നു ഇന്ത്യയുടെ അപ്രതീക്ഷിത തോല്‍വി. അരങ്ങേറ്റ മത്സരം കളിച്ച ടോം ഹാര്‍ട്ലിയുടെ മികച്ച സ്പിന്‍ ബൗളിംഗ്, രണ്ടാം ഇന്നിംഗ്സില്‍ ഒലി പോപ്പിന്‍റെ തകര്‍പ്പന്‍ സെഞ്ച്വറി എന്നിവയാണ് അവിസ്മരണീയ തിരിച്ചുവരവും ജയവും ഇംഗ്ലണ്ടിന് സമ്മാനിച്ചത്.
ഇന്ത്യയ സംബന്ധിച്ച് സീനിയര്‍ താരങ്ങളായ കെ.എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ പരിക്ക് കാരണം വിട്ടുനില്‍ക്കുന്നത് ആശങ്കയാണ്. സൂപ്പര്‍ താരം വിരാട് കോലി ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് നേരത്തെ തന്നെ പിന്‍മാറിയിരുന്നു. യുവ താരം ശുഭ്മാന്‍ ഗില്‍, മദ്ധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ എന്നിവര്‍ ഫോമിലേക്ക് ഉയരാത്തതും വെല്ലുവിളിയാണ്.
അയ്യര്‍ക്ക് പകരം രജത് പാട്ടീദാറിന് അവസരം ലഭിച്ചേക്കാം. രാഹുലിന് പകരം ടീമിലെത്തിയ മുംബയ് ബാറ്റര്‍ സര്‍ഫറാസ് ഖാന് അരങ്ങേറ്റ മത്സരം കളിക്കാന്‍ കാത്തിരിക്കേണ്ടി വരും. മറുവശത്ത് ആദ്യ മത്സരത്തില്‍ പുറത്തെടുത്ത പോരാട്ടവീര്യം ഇംഗ്ലണ്ട് ടീമിന്‍റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്നുറപ്പ്. പരിക്കേറ്റ സ്പിന്നര്‍ ജാക്ക് ലീച്ച് ടീമിലുണ്ടാകില്ല.പ്ലേയിംഗ് ഇലവന്‍ പ്രഖ്യാപിച്ച ഇംഗ്ലണ്ട് ടീമില്‍ രണ്ട് മാറ്റങ്ങളാണ് ആദ്യ മത്സരത്തില്‍ നിന്നും വരുത്തിയിരിക്കുന്നത്. ജാക്ക് ലീച്ചിന് പകരം സ്പിന്നര്‍ ഷോയ്ബ് ബഷീര്‍ കളിക്കും. മൂന്ന് സ്പിന്നര്‍മാരെയാണ് ഇംഗ്ലണ്ട് വിശാഖപട്ടണത്തും ഇറക്കുക. മാര്‍ക്ക് വുഡിന് പകരം ജെയിംസ് ആന്‍ഡേഴ്സണ്‍ ഏക പേസറായി ടീമിലുണ്ട്.