. തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരിയെ 21 മണിക്കൂറുകള്‍ക്കുശേഷം കൊല്ലം ആശ്രാമം മൈതാനിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
. കുട്ടിയുടെ ആരോഗ്യനില തൃപ്തികരം
. പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം
കൊല്ലം: ഓയൂരില്‍ കാറില്‍ തട്ടിക്കൊണ്ടുപോയ അബിഗേല്‍ സാറ റെജി എന്ന ആറു വയസ്സുകാരിക്കുവേണ്ടി ഒന്നടങ്കം പ്രാര്‍ത്ഥിച്ച കേരളത്തിന് ആശ്വാസവും സന്തോഷവും നല്‍കി ആ കുഞ്ഞിനെ കണ്ടെത്തി. തട്ടിക്കൊണ്ടുപോയി 21 മണിക്കൂറുകള്‍ക്ക് ശേഷം കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ ഇന്നലെ ഉച്ചയോടെ കണ്ടെത്തുകയായിരുന്നു.എസ്.എന്‍ കോളേജിലെ വിദ്യാര്‍ത്ഥിനികളാണ് കുട്ടിയെ കണ്ടത്. കൂടെ ഒരു സ്ത്രീയും ഉണ്ടായിരുന്നുവെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. പിന്നീട് ആ സ്ത്രീ കുട്ടിയെ അവിടെ ഇരുത്തി പോയി. സ്ത്രീ ധരിച്ചിരുന്നത് മഞ്ഞ നിറത്തിലുള്ള ചുരിദാര്‍ ആയിരുന്നു. വെള്ള ഷോള്‍ തല ചുറ്റി ധരിച്ചിരുന്നു. മാസ്കും ധരിച്ചിരുന്നു. പൊക്കവും വണ്ണവുമുള്ള വെളുത്ത നിറമുള്ള സ്ത്രീയാണ്. വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. പിന്നീട് ആ സ്ത്രീ വന്നില്ല. സംശയം തോന്നി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ആശ്രാമം മൈതാനിയില്‍ കുഞ്ഞിനെ എത്തിച്ചത് ഓട്ടോറിക്ഷയിലാണെന്നാണ് വിവരം. ഓട്ടോയില്‍ നിന്ന് കുട്ടിയെ മൈതാനത്ത് ഇറക്കുകയായിരുന്നു എന്ന് ഓട്ടോ ഡ്രൈവര്‍ പറഞ്ഞു. കൊല്ലം നഗരത്തെ ലിങ്ക് റോഡില്‍ വച്ച് കുട്ടിയുമായി യുവതി കൈ കാണിച്ചു. ഓട്ടോയില്‍ കയറി ആശ്രാമം മൈതാനത്തേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. കുട്ടി ക്ഷീണിതയായിരുന്നു. ആശ്രാമം മൈതാനത്ത് അശ്വതി ബാറിന്‍റെ മുന്നില്‍ ഇവരെ ഇറക്കി. തിരികെവന്ന് 10 മിനിട്ടാവുമ്പോഴാണ് കുട്ടിയെ കിട്ടിയെന്ന വിവരം അറിഞ്ഞത്. ഈ സമയത്താണ് തട്ടിക്കൊണ്ടുപോകല്‍ തനിക്ക് ഓര്‍മ വന്നത് എന്നും ഡ്രൈവര്‍ പറഞ്ഞു. ഉടന്‍ പൊലീസിനെ വിവരമറിയിച്ചു.പൊലീസെത്തി കുട്ടിയെ എ ആര്‍ ക്യാമ്പിലേക്ക് കൊണ്ടുപോയി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. അച്ഛന് കൈമാറി. കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് വിവരം. എന്തെങ്കിലും തരത്തില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായതായി കണ്ടെത്തിയിട്ടില്ല. മാനസിക പിന്തുണ ഉറപ്പാക്കുന്നതിനാണ് ആശുപത്രിയിലേക്ക് മാറ്റുന്നത്. തട്ടിക്കൊണ്ടുപോയവര്‍ ബിസ്ക്കറ്റ് നല്‍കിയിരുന്നു. ഇതില്‍ എന്തെങ്കിലും ചേര്‍ത്ത് നല്‍കിയിട്ടുണ്ടോ എന്ന് അറിയുന്നതിന് വിദഗ്ധ പരിശോധന നടത്തും.അതിനിടെ തട്ടിക്കൊണ്ട് പോയവര്‍ക്കായി ഊര്‍ജിതമായ തെരച്ചില്‍ തുടരുകയാണ്. നാലംഗ സംഘത്തില്‍ സ്ത്രീയും പുരുഷന്മാരും ഉണ്ടായിരുന്നതായാണ് കുട്ടി പൊലീസിനോട് പറഞ്ഞത്.
തിങ്കളാഴ്ച വൈകീട്ട് 4.45നാണ് ഓയൂരിനു സമീപം പൂയപ്പള്ളി കാറ്റാടി ഓട്ടുമലയില്‍ റെജി ജോണിന്‍റെയും സിജി റെജിയുടെയും മകളായ ആറു വയസ്സുകാരി അബിഗേല്‍ സാറാ റെജിയെ ഓയൂര്‍ കാറ്റാടിമുക്കില്‍ വച്ച് വെള്ള നിറത്തിലുള്ള കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടു പോയത്. സഹോദരന്‍ എട്ടുവയസ്സുകാരന്‍ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം. തടയാന്‍ ശ്രമിച്ച തന്നെ വലിച്ചിഴച്ചതായി ജോനാഥന്‍ പറയുന്നു. തടുക്കാന്‍ ശ്രമിച്ചപ്പോള്‍ കാര്‍ പെട്ടെന്ന് മുന്നോട്ടെടുക്കുകയും താന്‍ താഴെ വീഴുകയുമായിരുന്നുവെന്ന് ജോനാഥന്‍ പറഞ്ഞു.
പിന്നീട് കുട്ടിയുടെ അമ്മയെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. അഞ്ച്ല ക്ഷം രൂപ ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയെ വിളിച്ചത് ഒരു സ്ത്രീയും പുരുഷനും ആണെന്നാണ് വിവരം. പിന്നീട് 10 ലക്ഷം വേണമെന്നാവശ്യപ്പെട്ടു. സഹോദരന്‍ ജോനാഥന്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് പെട്ടെന്ന് തന്നെ ശക്തമായ നടപടികളും അന്വേഷണവും ആരംഭിച്ചു. അതോടൊപ്പം നാട്ടുകാരും ഒറ്റക്കെട്ടായി കുട്ടിയെ കണ്ടെത്താന്‍ ഊര്‍ജിതമായി രംഗത്തിറങ്ങി.