തുക അര്‍ഹരായ ആശ്രിതര്‍ക്ക് നല്‍കാന്‍ തീരുമാനം
തിരുവനന്തപുരം: സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം മരണമടഞ്ഞ ജീവനക്കാരുടെ ആശ്രിതരെ സംരക്ഷിക്കാം എന്ന സമ്മതമൊഴി നല്‍കി സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിച്ച ശേഷം വ്യവസ്ഥ ലംഘിക്കുന്ന ജീവനക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം . ആശ്രിതരെ സംരക്ഷിക്കാത്ത ജീവനക്കാരുടെ പ്രതിമാസ അടിസ്ഥാന ശമ്പളത്തില്‍ നിന്ന് 25 ശതമാനം തുക പിരിച്ചെടുത്ത് അര്‍ഹരായ ആശ്രിതര്‍ക്ക് നല്‍കാന്‍ നിയമനാധികാരികളെ അധികാരപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കും.
സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം ജോലിയില്‍ പ്രവേശിക്കുന്ന ജീവനക്കാര്‍ ആശ്രിതരുടെ സംരക്ഷണം ഏറ്റെടുക്കുന്നില്ലെങ്കില്‍ പ്രസ്തുത ജീവനക്കാരനെതിരെ ആശ്രിതര്‍ക്ക് നിയമനാധികാരിക്ക് രേഖാമൂലം പരാതി നല്‍കാം. ആഹാരം, വസ്തു, പാര്‍പ്പിടം, ചികിത്സ, പരിചരണം എന്നിവയാണ് സംരക്ഷണം എന്ന നിര്‍വചനത്തില്‍പ്പെടുന്നത്.ആശ്രിതരുടെ പരാതിയില്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍ മുഖേന അന്വേഷണം നടത്തി റിപ്പോര്‍ട്ട് വാങ്ങിയ ശേഷം അടിസ്ഥാന ശമ്പളത്തിന്‍റെ 25 ശതമാനം പ്രതിമാസം പിടിച്ചെടുത്ത് ആശ്രിതരുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും. തഹസില്‍ദാരുടെ അന്വേഷണത്തില്‍ ആക്ഷേപമുള്ള ജീവനക്കാര്‍ക്ക് മൂന്ന് മാസത്തിനകം ജില്ലാ കലക്ടര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാം. പരാതിയില്‍ ജില്ലാ കലക്ടര്‍ എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും.
ആശ്രിതര്‍ക്ക് കുടുംബ പെന്‍ഷന്‍ അനുകൂല്യമുണ്ടെങ്കില്‍ മേല്‍പറഞ്ഞ സംരക്ഷണത്തിന് അര്‍ഹത ഉണ്ടായിരിക്കില്ല. എന്നാല്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍, ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നുള്ള പെന്‍ഷന്‍ എന്നിവ കൈപറ്റുന്ന ആശ്രിതരെ സംരക്ഷിക്കാന്‍ മേല്‍ വ്യവസ്ഥ പ്രകാരം ജോലി ലഭിച്ച ജീവനക്കാര്‍ ബാധ്യസ്ഥരാണ്.