തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ആശ്രിതനിയമനം നിയന്ത്രിക്കലില്‍ എതിര്‍പ്പുമായി സര്‍വീസ് സംഘടനകള്‍. ആശ്രിതനിയമനത്തിലെ നിലവിലെ രീതിമാറ്റത്തെ ഇടത് സംഘടനകള്‍ ഉള്‍പ്പെടെ എതിര്‍ത്തു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലാം ശനിയാഴ്ച അവധിയാക്കുന്നതിനെയും സര്‍വീസ് സംഘടനകള്‍ എതിര്‍ത്തു. കാഷ്വല്‍ ലീവുകളുടെ എണ്ണം കുറച്ച് നാലാം ശനി അവധി ആക്കുന്നത് അംഗീകരിക്കില്ലെന്നാണ് സര്‍വീസ് സംഘടനകളുടെ വാദം.സര്‍ക്കാര്‍ ജീവനക്കാരുടെ ആശ്രിത നിയമനം നിയന്ത്രിക്കലില്‍ സര്‍വീസ് സംഘടനകളുമായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് മുഴുവന്‍ സര്‍വീസ് സംഘടനകളും എതിര്‍പ്പറിയിച്ചത്. ആശ്രിതനിയമനം ഒരു വര്‍ഷത്തിനകം ജോലി ലഭിക്കാന്‍ യോഗ്യതയുള്ളവര്‍ക്ക് മാത്രമാക്കാനുള്ള നീക്കത്തെ അംഗീകരിച്ചില്ല. ജോലി ലഭിക്കാത്തവര്‍ക്ക് 10 ലക്ഷം രൂപയല്ല നിയമനം തന്നെ നല്‍കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. നിലവില്‍ ആശ്രിതനിയമനം തേടി ആയിരത്തോളം അപേക്ഷകള്‍ മാത്രമാണുള്ളത്.ഇവര്‍ക്ക് നിയമനം നല്‍കിയാലും ഹൈക്കോടതി പറഞ്ഞ അഞ്ച് ശതമാനംആകില്ലെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലാം ശനിയാഴ്ച അവധിയാക്കുന്നതിനെയും സര്‍വീസ് സംഘടനകള്‍ എതിര്‍ത്തു. നാലാം ശനിയാഴ്ച അവധിയാക്കിയാല്‍ വര്‍ഷം 12 അധിക അവധികള്‍ ലഭിക്കും. ഇതിന് പകരം 20 കാഷ്വല്‍ ലീവുകള്‍ 15 ആക്കി കുറക്കും. പ്രവൃത്തിസമയം അര മണിക്കൂര്‍ കൂട്ടും. ഇതായിരുന്നു സര്‍ക്കാര്‍ മുന്നോട്ട് വച്ച നിര്‍ദേശം. എന്നാല്‍ നാലാം ശനി ഉപാധികളോടെ അവധിയാക്കുന്നത് അംഗീകരിക്കില്ലെന്ന് സംഘടനകള്‍ നിലപാടെടുക്കുകയായിരുന്നു. ഓണ്‍ലൈനായാണ് യോഗം ചേര്‍ന്നത്.