ആവേശത്തിരമാലകള്‍ അലയടിച്ചു… ലോകകപ്പ് 2022 തുടങ്ങി

Kerala Sports

ദോഹ: ലോകകപ്പ് ഫുട്ബോള്‍ 2022ന് തുടക്കം. ഖത്തര്‍ ലോകകപ്പിന്‍റെ ഉദ്ഘാടനച്ചടങ്ങുകള്‍ അല്‍ഖോറിലുള്ള അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ വര്‍ണാഭമായ പരിപാടികളോടെ നടന്നു. ആയിരിക്കണക്കിനാളുകളാണ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനായി വൈകിട്ട് മുതല്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകരെ ഖത്തറിലേക്ക് സ്വാഗതം ചെയ്തു.ഇന്ത്യന്‍ സമയം വൈകിട്ട് ഏഴു മണിക്ക് തുടങ്ങിയ ഉദ്ഘാടന ചടങ്ങില്‍ ഹോളിവുഡ് നടന്‍ മോര്‍ഗന്‍ ഫ്രീമാനായിരുന്നു അവതാരകന്‍. ദക്ഷിണകൊറിയന്‍ സംഗീത ബാന്‍ഡായ ബിടിഎസിലെ ജങ് കുക്കിന്‍റെ ഡ്രീമേഴ്സ് എന്ന് പേരിട്ട സംഗീത നിശയായിരുന്നു ഉദ്ഘാടനച്ചടങ്ങിലെ പ്രധാന ആകര്‍ഷണം. ഖത്തറി ഗായകന്‍ ഫഹദ് അല്‍ കുബൈസി, കുക്കിനൊപ്പം സംഗീതനിശയില്‍ പങ്കെടുത്തു. ഷാക്കിറയുടെ പ്രശസ്തമായ ലോകകപ്പ് ഗാനം വാക്ക…വാക്കയും സ്റ്റേഡിയത്തില്‍ മുഴങ്ങി.
അറബ് മേഖലയിലെ പ്രത്യേക നൃത്തങ്ങളും കനേഡിയന്‍ നോറ ഫതേതഹി, ലെബനീസ് ഗായിക മിറിയം ഫറേസ് എന്നിവരുടെ സംഗീത പരിപാടികളും ആവേശം ചാര്‍ത്തി. ആകാശത്തില്‍ വര്‍ണവിസ്മയം തീര്‍ത്ത കരിമരുന്ന് പ്രയോഗത്തോടെയാണ് ഉദ്ഘാടനച്ചടങ്ങുകള്‍ സമാപിച്ചത്. തുടര്‍ന്ന് രാത്രി 9.30ന് ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മില്‍ ഏറ്റുമുട്ടിയതോടെ ഒരു മാസം നീളുന്ന ഫുട്ബോള്‍ ആവേശത്തിനു തുടക്കമായി.

Leave a Reply

Your email address will not be published. Required fields are marked *