തൃശൂര്‍: തൃശൂരിനെ ആവേശത്തിലാഴ്ത്തി പുലികളി. അഞ്ചു സംഘങ്ങളില്‍നിന്നായി ഇരുന്നൂറ്റമ്പതില്‍പ്പരം പുലികളാണ് സ്വരാജ് റൗണ്ടില്‍ ചുവടുവെച്ചത്. പുലികളിക്കൊപ്പം വിസ്മയക്കാഴ്ചയൊരുക്കിയ നിശ്ചല ദൃശ്യങ്ങളെ ഹര്‍ഷാരാവത്തോടെ ജനം എതിരേറ്റു. ആശയങ്ങളുടെ വൈവിധ്യം കൊണ്ടും കരവിരുതിന്‍റെ മികവും കൊണ്ടും നിശ്ചല ദൃശ്യങ്ങള്‍ ഒന്നിനൊന്ന് മികച്ചു നിന്നു. സമകാലിക പ്രശ്നങ്ങള്‍ മുതല്‍ പുരാണ ദൃശ്യങ്ങള്‍വരെ നിശ്ചലദൃശ്യങ്ങള്‍ക്ക് വിഷയമായി. ദീപാലങ്കാരം നിശ്ചല ദൃശ്യത്തെ കൂടുതല്‍ ആകര്‍ഷകമാക്കി.
കോവിഡ് മഹാമാരിയെ നല്ല ചികിത്സയും പ്രതിരോധ വാക്സിനും മികച്ച ക്വാറന്‍റയ്ന്‍ സംവിധാനവും ഒരുക്കിയാണ് സംസ്ഥാനം പ്രതിരോധിച്ചതെന്ന് ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു നിശ്ചലദൃശ്യം. പൂങ്കുന്നം ദേശത്തിന്‍റെ അശോക വനത്തില്‍ സീതാദേവിക്ക് വിശ്വരൂപം കാണിച്ചു നല്‍കുന്ന ഹനുമാനും ശക്തന്‍ വിഭാഗത്തിന്‍റെ പട്ടാഭിഷേകം അവതരിപ്പിച്ച നിശ്ചലദൃശ്യവും ഏറെ ശ്രദ്ധേയമായി.
കുതിരപ്പുറത്തേറിയും തെയ്യം വേഷത്തിലുമെല്ലാം പുലിവേഷക്കാര്‍ നഗരത്തിലെത്തി. കാനാട്ടുകര, അയ്യന്തോള്‍, പൂങ്കുന്നം, വിയ്യൂര്‍, ശക്തന്‍ എന്നീ അഞ്ച് ദേശത്തിലെ 250ഓളം പേരാണ് പുലികളിയില്‍ പങ്കെടുത്തത്. കൊവിഡ് വ്യാപനശേഷം നടക്കുന്ന ആദ്യ ആഘോഷമായതിനാല്‍ ഇത്തവണ കനത്ത പൊലീസ് വിന്യാസവും തൃശൂര്‍ നഗരത്തിലുണ്ടായിരുന്നു.
അഞ്ഞൂറിലധികം പൊലീസുകാരാണ് സുരക്ഷയ്ക്കായി നഗരത്തിലുളളത്. പുലികള്‍ എത്തിത്തുടങ്ങിയതോടെ ഉച്ചമുതല്‍ തന്നെ സ്വരാജ് റൗണ്ടില്‍ വാഹനഗതാഗതം ഉണ്ടായിരുന്നില്ല. ഔട്ടര്‍ റിംഗ് റോഡ് വഴിയായിരുന്നു ഗതാഗതം. കഴിഞ്ഞ രണ്ട് വര്‍ഷവും കൊവിഡ് വ്യാപനം മൂലം പുലികളി നടക്കാത്തതിനാല്‍ ഇത്തവണ വലിയ ജനക്കൂട്ടം തന്നെയാണ് പുലികളി കാണാനെത്തിയത്.