ആവശ്യമായ വിദ്യാര്‍ഥികള്‍ക്കെല്ലാം ലാപ്ടോപ്പുകള്‍ ലഭ്യമാക്കും: മുഖ്യമന്ത്രി

Latest News

തിരുവനന്തപുരം : ഡിജിറ്റല്‍ ഉപകരണങ്ങള്‍ ആവശ്യമായ വിദ്യാര്‍ഥികള്‍ക്കെല്ലാം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സര്‍ക്കാരിന് നിയതമായ മാര്‍ഗത്തിലൂടെ മാത്രമേ ഇത് നല്‍കാന്‍ കഴിയു. അതാണ് കാലതാമസത്തിന് കാരണമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.വിദ്യാകിരണം പദ്ധതി റീ ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി പറഞ്ഞു. പദ്ധതി ആരംഭിക്കുമ്പോള്‍ 4.7 ലക്ഷം കുട്ടികള്‍ക്കാണ് ഡിജിറ്റല്‍ ഉപകരണങ്ങള്‍ വേണ്ടിയിരുന്നത്. എന്നാല്‍ ഇപ്പോഴത് 3.53 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. ഇതുവരെ 45313 ലാപ്ടോപ്പുകള്‍ പട്ടിക ജാതി/ വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തു. പ്രതിസന്ധിയില്ലാതെ നല്ല രീതിയിലാണ് പദ്ധതിയിലൂടെ ലാപ്ടോപ്പ് വിതരണം നടന്നതെന്നും ശിവന്‍കുട്ടി വ്യക്തമാക്കി. പദ്ധതി നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നും കോവിഡ് കാലമായതിനാല്‍ പദ്ധതിയിലേക്കുള്ള ഫണ്ട് പ്രതിക്ഷിച്ച പോലെ വന്നിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്ലസ് വണ്‍ ഉപരിപഠനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികള്‍ക്കും സീറ്റ് ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ ഉറപ്പ് നല്‍കി. പ്രവേശനം ലഭിച്ച കുട്ടികളുടെ സ്കൂള്‍ മാറ്റ നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി സഭയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *