ആളും ആരവവുമില്ലാതെ തേക്കിന്‍ കാട് മൈതാനം,
തൃശൂര്‍ പൂരം ആരംഭിച്ചു

Latest News

തൃശൂര്‍: കൊവിഡ് കാലത്തെ കര്‍ശന പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ ഇത്തവണ ഉത്സവ ലഹരിയില്ലാതെ ചടങ്ങുകളുടെ ലാളിത്യത്തില്‍ പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് ആരംഭം കുറിച്ചു. പുലര്‍ച്ചെ തന്നെയെത്തിയ കണിമംഗലം ശാസ്താവിന്‍റെ എഴുന്നളളത്തോടെ ഘടകപൂരങ്ങളുടെ എഴുന്നളളത്ത് തുടങ്ങി.വടക്കുംനാഥ ക്ഷേത്രത്തില്‍ പൂരം എത്തുന്നത് വെയിലേല്‍ക്കുന്നതിന് മുന്‍പ് വേണം എന്ന വിശ്വാസപ്രകാരം പുലര്‍ച്ചെ ഏഴ് മണിക്ക് തന്നെ കണിമംഗലം ക്ഷേത്രത്തിലെ ബൃഹസ്പതി ഭാവത്തിലുളള ശാസ്താവ് എത്തി.
പിന്നാലെ മറ്റ് ഘടകപൂരങ്ങളും എത്തിത്തുടങ്ങി. ഘടകപൂരങ്ങളെല്ലാം ഇത്തവണ ഒരാനപ്പുറത്താണ്. തിരുവമ്പാടിയും ഇത്തവണ ഒരാനപ്പുറത്താകും എഴുന്നളളത്ത് നടത്തുക. എന്നാല്‍ പാറമേക്കാവ് 15 ആനപ്പുറത്ത് തന്നെ എഴുന്നളളത്ത് നടത്തും.
കുടമാറ്റത്തിനുള്‍പ്പടെ പൂരത്തിന് ആകെ ഇത്തവണ 32 ആനകള്‍ മാത്രമാണുളളത്.തിരുവമ്പാടിയുടെ എഴുന്നളളത്ത് മഠത്തില്‍ വന്നിട്ടുണ്ട്. ഗജരാജന്‍ തിരുവമ്പാടി ചന്ദ്രശേഖരനാണ് തിരുവമ്പാടിയുടെ തിടമ്പേറ്റിയത്. കോങ്ങാട് മധുവാണ് പഞ്ചവാദ്യത്തിന്‍റെ പ്രമാണം വഹിക്കുന്നത്. 12 മണിയോടെ 15 ആനപ്പുറത്ത് പാറമേക്കാവിന്‍റെ എഴുന്നളളത്ത് നടക്കും.
പാറമേക്കാവ് ശ്രീ പത്മനാഭനാണ് തിടമ്പ്. പിറകെ ഇലഞ്ഞിത്തറ മേളം നടക്കും. പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തിലാണ് മേളം. വൈകുന്നേരത്തോടെ കുടമാറ്റവും എഴുന്നളളത്തും നിയന്ത്രിച്ചാകും നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *